കൊച്ചിയിലെ തൊഴിൽ പീഡന ആരോപണത്തിൽ അവ്യക്തതയുണ്ടെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജില്ലാ തൊഴിൽ വകുപ്പ് ഓഫിസറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും മുൻ മാനേജർ മനാഫ് ആണെന്നാണ് യുവാക്കളുടെ വെളിപ്പെടുത്തല്‍.
കൊച്ചിയിൽ ക്രൂരമായ തൊഴിൽ പീഡനമെന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം. കഴുത്തിൽ ബെൽറ്റ് ധരിച്ചു പട്ടിയെ പോലെ നടന്ന ജെറിനും, ബെൽറ്റ് പിടിച്ചിരുന്ന ഹാഷിമും ആണ് മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തെ കുറിച്ച് വിവരിച്ചത്. സ്ഥാപനത്തിലെ മുൻ മാനേജർ ആയിരുന്ന മനാഫ് ആണ് നിർബന്ധിച്ചു ദൃശ്യങ്ങൾ പകർത്തിയത്. ടാർഗറ്റ് തികയ്ക്കാത്തതിന്റെ പേരിൽ ആയിരുന്നില്ല സംഭവമെന്നും യുവാക്കൾ പറയുന്നു.
സംഭവത്തിൽ മന്ത്രി ശിവൻകുട്ടി പ്രഖ്യാപിച്ച അന്വഷണത്തിലും തൊഴിൽ പീഡനം അല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരാതിയിൽ അവ്യക്തത ഉണ്ടെന്നും വ്യക്തി വൈരാഗ്യമാണ് പിന്നിലെന്ന ആരോപണങ്ങളും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുൻ മാനേജർ മനാഫും ഉടമ ഹുബൈലും തമ്മിലുള്ള തർക്കമാണ് നിലവിലെ സംഭവങ്ങൾക്ക് കാരണമെന്നും ആരോപണം ഉണ്ട്. ജീവനക്കാരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതും, അവർ ജോലി ഉപേക്ഷിക്കാൻ കാരണമായതും മനാഫിന്റെ ഇടപെടലിൽ ആയിരുന്നു.