വഖഫ് ഭേദഗതി ബിൽ നിയമമായതോടെ പ്രതിഷേധം കടുക്കുന്നു. സമസ്ത സുപ്രീംകോടതിയെ സമീപിച്ചു. ലീഗിന്റെ നിയമനടപടി ഏകോപിപ്പിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലെത്തി. രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാനാണ് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം. ജെഎന്‍യു അടക്കമുള്ള സര്‍വകലാശാലകളില്‍ വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്.

വഖഫ് ബില്‍ ഭരണ ഘടനക്കും മുസ്ലിം സമൂഹത്തിനും എതിരാണെന്നാരോപിച്ച്   വിവിധ സംഘടനകളും പ്രതിപക്ഷവും പ്രതിഷേധം തുടരുന്നതിനിടെയാണ്  ഇന്നലെ രാഷ്ട്രപതി ഒപ്പ് വച്ച് നിയമമായത് . ഉമീദ് എന്നറിയപ്പെടുന്ന നിയമം നടപ്പാക്കുന്ന തീയതി പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും. . വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനാണ് നീക്കമെന്നാരോപിച്ചാണ് സമസ്ത  സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം സമുദായത്തിന്റെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും സമസ്ത ഹര്‍ജിയില്‍ പറയുന്നു. മുസ്ലീം ലീഗും ഉടന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും.

കോൺഗ്രസ്, എ എ പി , എഐഎംഐഎം എന്നി പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.  പ്രതിഷേധം കടുപ്പിച്ച മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് മലപ്പുറത്തുo ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്,  ബെംഗളൂരു, ചെന്നൈ, ലഖ്നൗ പട്ന തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മുസഫര്‍ നഗറില്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ച 300 പേര്‍ക്ക് യുപി പൊലീസ് നോട്ടീസ് അയച്ചു. ഒരോരുത്തരും രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടിവക്കണം. 

ലോക്സഭയില്‍ ബില്‍ അവതരണ സമയത്ത് ഇല്ലാതിരുന്ന രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിമര്‍ശിച്ച ജെപിസി അധ്യക്ഷന്‍ ജഗദംബിക പാല്‍ ഇപ്പോള്‍വിമര്‍ശനമുന്നയിക്കുന്ന ഗാന്ധി കുടുംബാംഗങ്ങള്‍ ഒരു നിര്‍ദേശമോ വാദമോ ഉയര്‍ത്തിയിരുന്നില്ലെന്നും മുസ്ലിങ്ങളെ വോട്ട് ബാങ്കായാണ് കാണുന്നതെന്നും  കുറ്റപ്പെടുത്തി. നിയമം ഒരു മതത്തിനും എതിരല്ലെന്നും വഖഫ് സ്വത്തിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാനാണെന്നുമാണ് സർക്കാർ ആവര്‍ത്തിക്കുന്നത്.

ENGLISH SUMMARY:

Protests intensify after the Waqf Amendment Bill becomes law. Samastha has approached the Supreme Court. P.K. Kunhalikutty has reached Delhi to coordinate the league's legal action. The Muslim Personal Law Board has decided to intensify the nationwide protest. Student protests are continuing in universities including JNU.