എം.എ.ബേബി സി.പി.എം ജനറല്‍ സെക്രട്ടറി. പി.ബിയുടെ ശുപാര്‍ശയ്ക്ക് പുതിയ കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. ബേബി വരുന്നതിനോട് പി.ബിയില്‍ എതിര്‍പ്പുന്നയിച്ച ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ അയഞ്ഞതോടെ എം.എ.ബേബിയിലേക്ക് എത്തുകയായിരുന്നു. ഇ.എം.എസിനും പ്രകാശ് കാരാട്ടിനും ശേഷം സി.പി.എമ്മിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്ന  മലയാളിയാണ് ബേബി.  പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം. ബേബിയെ എതിര്‍ത്തിരുന്ന ബംഗാള്‍ ഘടകം പിന്മാറി.  ബംഗാള്‍ഘടകവും അശോക് ധവ്‍ളയും ബേബി ജനറല്‍ സെക്രട്ടറി ആകുന്നതിനെ എതിര്‍ത്തിരുന്നു.

സിപിഎമ്മിലെ പ്രായോഗിക വാദിയായ സൈദ്ധാന്തികനാണ് പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയാകാനൊരുങ്ങുന്ന എം.എ ബേബി.  വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളുടെ അമരത്തും പാർലമെന്ററി രംഗത്തും മികവ് പ്രകടിപ്പിച്ചാണ് എം.എ. ബേബി പാർട്ടിയുടെ തലപ്പത്ത് എത്തുന്നത്. 71 വയസ്സ് പൂർത്തിയായി തൊട്ടടുത്ത ദിവസം ജനറൽ സെക്രട്ടറി എന്ന ദൗത്യത്തിന് തുടക്കം കുറിക്കുന്ന ബേബിയെ കാത്തിരിക്കുന്നത് രാജ്യത്തെ പാർട്ടിയെ വളർത്താനുള്ള നിർണായക ഉത്തരവാദിത്തമാണ്.

പന്ത്രണ്ട് വയസു വരെ അമ്മയോ‌ടൊപ്പം പള്ളിയിൽ പോയിരുന്ന അൾത്താര ബാലനായ വിശ്വാസിയായിരുന്ന എം എ ബേബി. യുക്തിവാദിയും അധ്യാപകനുമായിരുന്ന അച്ഛൻ അലക്സാണ്ടറുടെ പുസ്തകങ്ങൾ മകനെ വായനക്കാരനാക്കി. പരന്ന വായനയും ആഴത്തിലുള്ള ചിന്തയും രാഷ്ട്രീയക്കാരനാക്കിയ ബേബി,  72-ാം വയസിൽ സിപിഎമ്മി‌ന്റെ അമരത്ത് എത്തുന്നത് ശാന്തനായി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ്. അടിയന്തിരാവസ്ഥ കാലത്ത് ജയിലിൽ കിടന്നു. 75 ൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും 79 ൽ അഖിലേന്ത്യ പ്രസിഡന്റുമായി.  85 ൽ പാർട്ടി സംസ്ഥാന സമിതിയിൽ. 87 ൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി 89 ൽ കേന്ദ്രകമ്മിറ്റിയിലെത്തി.  പിതാവ് കഴിഞ്ഞാൽ ബേബിയെ ഏറ്റവുമധികം സ്വാധീനിച്ചത് ഇഎംഎസ് ആയിരുന്നു,

ഇഎംഎസിന്റെ ശിഷ്യനായി ഡൽഹയിലെത്തിയത് ബേബിയിലെ രാഷ്ട്രീയക്കാരനെ തേച്ചുമിനുക്കി.  ഇ എം എസിന്റെ ത്വാത്വിക സ്വഭാവവും ജനാധിപത്യ വിശ്വാസവും ബേബിയെ സ്വാധീനിച്ചു.  86 ൽ 32 ആം വയസിൽ രാജ്യസഭയിലെത്തുമ്പോൾ രാജ്യത്തെ പ്രായം കുറഞ്ഞ രാജ്യസഭ അംഗങ്ങളിൽ ഒരാളായിരുന്നു. 92 ലും രാജ്യ സഭാംഗമായ ബേബിയുടെ ദേശീയ രാജ്യാന്തര കാഴ്ച്ചപാടുകൾ പാർട്ടിക്ക് മുതൽ കൂട്ടാണ്. 98 ൽ സംസ്ഥന സെക്രട്ടറിയേറ്റിൽ എത്തിയ എം എ ബേബി പാർട്ടിയിലെ വിഭാഗീയതയിൽ പെട്ടപ്പോൾ  പിബിയിലെത്തിയത് 2012 ൽ മാത്രം.  ഇതിനിടെ 2002 ൽ ആലപ്പുഴ ജനറൽ സെക്രട്ടറിയായി. 2006 ൽ കുണ്ടറയിൽ നിന്ന് ജയിച്ചു വി.എസ്  സർക്കാരിൽ വിദ്യാഭ്യാസ മന്ത്രി ആയ ബേബിയെ വിവാദങ്ങൾ വിടാതെ പിൻതുടർന്നു.  

മതമില്ലാത്ത ജീവൻ എന്ന പാഠഭാഗവും ക്രൈസ്തവ സഭകളെ പരിഹസിച്ചുള്ള രൂപാത പരാമർശവും വിവാദമായി.  സ്വാശ്രയ മേഖലയിലെ തർക്കങ്ങൾ ബേബി  രണ്ടാം മുണ്ടശ്ശേരി ചമയുകയാണെന്ന വ്യാഖ്യനങ്ങളിലേക്ക് എത്തിച്ചു. 2011 ലും കുണ്ടറയിൽ നിന്ന് ജയിച്ച ബേബി പിന്നീട് ലോക് സഭാ തിരഞ്ഞെടുപ്പില്‍ എൻ കെ പ്രേമചന്ദ്രനോട് തോറ്റു.  കലാസാംസ്ക്കാരിക സംഘടനയായ സ്വരലയയുടെ രൂപീകരണത്തിലും കൊച്ചി മുസരീസ് എന്ന ആശയംയഥാർഥ്യമാക്കുന്നതിൽ ചാലകശക്തിയായി. കലാസാംസ്ക്കാരിക നായകരെ സി പിഎമ്മിനോട് അടുപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. എം എ ബേബിയുടെ ഇനിയുള്ള ദൗത്യം പാർട്ടിയെ രാജ്യത്ത് വളർത്തുകയും പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് വിശാലമായ മതേതരസഖ്യം യാഥാർഥ്യമാക്കുകയുമാണ്. ഏതു വിമർശനവും നിസംഗതയോട് കേൾക്കുന്ന ബേബിപാർട്ടിയിലെ പ്രായോഗികവാദിയാണ്. ഫിഡൽകാസ്ട്രോ, മറഡോണ എന്നിവരാണ് ബേബിയുടെ ഹീറോസ്. ആരാധന കെ.ജെ. യേശുദാസിനോടും.

ENGLISH SUMMARY:

M.A. Baby CPM. General Secretary. The recommendation was accepted by the Polit Bureau. Baby is the first Malayali to become the captain of the CPM after EMS. The official announcement was made after the new Central Committee meeting. The Bengal unit and Ashok Dhavla had opposed Baby becoming the General Secretary. The PB meeting to prepare the panel of new Central Committee members has begun. The current Central Committee meeting to be held thereafter will approve the panel of new Central Committee members.

Google trending Topic- M A Baby