സിപിഎം ജനറല്‍ സെക്രട്ടറി പദത്തിലെത്തിയ എംഎ ബേബിയെ പരിഹസിച്ച് മുന്‍ ത്രിപുര മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബിപ്ലബ് കുമാര്‍ ദേബ്. ഒരു രാഷ്ട്രീയ നേതാവിന് വേണ്ടത് ദേശീയ ജനകീയതയും സ്വീകാര്യതയുമാണെന്നും വിദ്യാഭ്യാസ യോഗ്യതകളല്ലെന്നും ബിപ്ലബ് പറയുന്നു. അക്കാദമിക് യോഗ്യതകള്‍ക്കെല്ലാം അപ്പുറത്താണ് രാഷ്ട്രീയ നേതൃത്വം. ഒരു അധ്യാപകനോ എഞ്ചിനീയറോ പ്രഫസറോ ആരുമാകട്ടെ ഒരു ദേശീയ നേതാവാകാന്‍ ദേശീയ ജനപ്രിയത അനിവാര്യമാണെന്നും ബിപ്ലബ് പറയുന്നു.
നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നീ നേതാക്കളെപ്പോലെ ഒരു നേതാവ് സിപിഎമ്മിനുണ്ടോയെന്നും ബിപ്ലബ് ചോദിക്കുന്നു. ഒരു മുന്‍മുഖ്യമന്ത്രിയെന്ന നിലയിലും നിലവിലെ എംപി എന്ന നിലയിലും സിപിഎം തിരഞ്ഞെടുത്ത എംഎ ബേബിയെന്ന വ്യക്തിയെക്കുറിച്ച് കേട്ടിട്ടില്ലെന്നും അതാരാണെന്ന് ഗൂഗിള്‍ ചെയ്ത് നോക്കേണ്ടിവരുമെന്നും ബിപ്ലബ് മാധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക് സ്വീകാര്യനായ വ്യക്തിയായിരിക്കാം, പക്ഷേ ജനകീയതയില്ലാത്ത വ്യക്തിയാണെന്ന് ബോധ്യപ്പെട്ടു. ബിജെപിക്കുള്ളതു പോലെ തലപ്പൊക്കമുള്ള ഒരു നേതാവ് സിപിഎമ്മിനുണ്ടോയെന്നും കോണ്‍ഗ്രസിലാണെങ്കില്‍ കുടുംബവാഴ്ച്ചയാണെന്നും ബിപ്ലബ് കുറ്റപ്പെടുത്തി. ഞായറാഴ്ചയാണ് 71കാരനായ കേരളത്തിലെ സിപിഎം നേതാവ് എംഎ ബേബിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.