Photo : PTI
പഞ്ചാബില്‍ ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയയുടെ വീടിനുനേരെ ഗ്രനേഡ് ആക്രമണം. മതസ്പര്‍ധ വളര്‍ത്താനുള്ള ഐഎസ്ഐ ഗൂഢാലോചനയെന്ന് പഞ്ചാബ് പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് ഇ– റിക്ഷയിലെത്തിയ രണ്ടുപേര്‍ വീടിനുനേരെ ഗ്രനേഡ് എറിഞ്ഞത്. വീടിന്‍റെ മുന്‍വശത്തുവീണ ഗ്രനേഡ് പൊട്ടി കാര്‍ പോര്‍ച്ചിനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. വീടിന്‍റെ ജനല്‍ച്ചില്ലുകളും തകര്‍ന്നു.
പഞ്ചാബ് ബിജെപി മുന്‍ അധ്യക്ഷനും മുന്‍ മന്ത്രിയുമാണ് മനോരഞ്ജന്‍ കാലിയ. നിലവില്‍ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടിവ് അംഗമാണ്. സ്ഫോടനം നടക്കുമ്പോള്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നു. അമൃത്സറിലും ഗുരുദാസ്പൂരിലും പൊലീസിന്‍റെ ചെക്പോസ്റ്റുകള്‍ ലക്ഷ്യമിട്ടുള്ള ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് പിന്നാലെ ബിജെപി നേതാവിന്‍റെ വീടിനെയും അക്രമികള്‍ ലക്ഷ്യമിട്ടതോടെ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തുവന്നു. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നെന്നും മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സ്ഫോടനമുണ്ടായി 12 മണിക്കൂറിനുള്ളില്‍ രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. സീഷാന്‍, ഷെഹ്സാദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ഇ – റിക്ഷയും പിടിച്ചെടുത്തു. മതസ്പര്‍ധ ലക്ഷ്യമിട്ടുള്ള പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ ഗൂഢാലോചനയാണ് ഗ്രനേഡ് ആക്രമണമെന്ന് പൊലീസ്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഒരാളും ഗ്രനേഡ് ആക്രമണത്തിന്‍റെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് പഞ്ചാബ് സ്പെഷല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അര്‍പിത് ശുക്ല പറഞ്ഞു. ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവിലാണ് ലോറന്‍സ് ബിഷ്ണോയി ഇപ്പോഴുള്ളത്. ഇന്ത്യ നിരോധിച്ച ഖലിസ്ഥാന്‍ സംഘടനയായ ബാബര്‍ ഖല്‍സ ഇന്‍റര്‍നാഷനലിന്‍റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.