ബിജെപിയെ ചെറുക്കുന്നതില്‍ സിപിഎം നിലപാട് ശരിയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി. സിപിഎമ്മിനെ വിമര്‍ശിക്കുന്ന വി.ഡി.സതീശന്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്തെന്ന് മറക്കരുത്. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്തില്ല എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ബിജെപിയെ ചെറുക്കാന്‍ വേണ്ടത് ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണമാണെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ എം.എ.ബേബി പറഞ്ഞു. വീണാ വിജയനെതിരെയുള്ള കേസടക്കമുള്ള വിഷയങ്ങളില്‍ സിപിഎം ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കി.
മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എം.എ.ബേബി. പിണറായിയെ അടിക്കാന്‍ വേണ്ടി മകളെ കരുവാക്കി. വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനാണ്. അതിന് നികുതിയും നല്‍കി. സിഎംആര്‍എല്ലിന് സര്‍ക്കാര്‍ എന്ത് ആനുകൂല്യമാണ് നല്‍കിയതെന്നും എം.എ.ബേബി ചോദിച്ചു.
വഖഫിന്‍റെ കാര്യത്തില്‍ ക്രൈസ്തവസഭകളുടെ സമീപനം അപകടകരമെന്ന് എം.എ.ബേബി. വിചാരധാരയിലെ ആഭ്യന്തരശത്രുക്കള്‍ എന്ന അധ്യായം സഭാ മേലധ്യക്ഷന്‍മാര്‍ വായിക്കണം. സംസ്ഥാനത്തെ ക്രൈസ്തവസഭകള്‍ ഇടത് സര്‍ക്കാരിനെതിരല്ലെന്നും എം.എ.ബേബി.
ആശാ സമരക്കാര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തികശേഷി കൂടി പരിഗണിക്കണമെന്ന് ബേബി ആവശ്യപ്പെട്ടു. സമരക്കാര്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ സമരവേദിയിലേക്ക് ആനയിച്ച് സ്വീകരിക്കുന്നു. ഇതേക്കുറിച്ച് കേന്ദ്രമന്ത്രിയോട് പരിഹരിക്കാന്‍ പറയാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറത്തെപ്പറ്റിയുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന കണ്ടില്ലെന്ന് എം.എ.ബേബി. സാമുദായിക സംഘടനകളോടുള്ള നിലപാട് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. സമൂഹത്തില്‍ എല്ലാ വിഭാഗത്തിലുള്ളവരുടേയും പ്രശ്നങ്ങള്‍ സിപിഎം ഏറ്റെടുക്കുമെന്നും ബേബി പറഞ്ഞു.