parliament-waqf

പാര്‍ലമെന്‍റ് (ഫയല്‍ ചിത്രം)

പുതിയ വഖഫ് നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വ്യാഴം, വെള്ളി ദിവസങ്ങളിലായി ലോക്‌സഭയും രാജ്യസഭയും പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലില്‍ വ്യാഴാഴ്ച രാഷ്ട്രപതിയും ഒപ്പുവച്ചിരുന്നു. എങ്കിലും നിയമത്തിനെതിരെ ഒട്ടേറെ ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. ഹര്‍ജികള്‍ പരിഗണിക്കും മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, വഖഫ് ഭേദഗതി ബില്ലിലെ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുെട നിലപാടില്‍ അതൃപ്തി അറിയിച്ച് ഏതാനും ക്രൈസ്തവ അവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പുതിയ വഖഫ് നിയമത്തിലെ ഭേദഗതികളെ എംപിമാര്‍ പിന്തുണയ്ക്കണമെന്ന സിബിസിഐയുടെ പത്രക്കുറിപ്പില്‍ ആശങ്ക അറിയിച്ചാണ് കത്തയച്ചത്. മുനമ്പം വിഷയം മറ്റൊരു ന്യൂനപക്ഷവിഭാഗത്തെ ബാധിക്കുന്ന നിയമ നിര്‍മാണത്തെ പിന്തുണയ്ക്കാനുള്ള കാരണമാകാന്‍ പാടില്ലായിരുന്നുവെന്ന് കത്തില്‍ പറയുന്നു.

പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയങ്ങളില്‍ പ്രസ്താവന പുറത്തിറക്കും മുന്‍പ് സിബിസിഐ കൂടിയാലോചന നടത്തണമെന്നും കത്തില്‍ അഭ്യര്‍ഥിക്കുന്നുണ്ട്. അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സൂസന്‍ എബ്രഹാം അടക്കം 15 ക്രൈസ്തവ അവകാശ പ്രവര്‍ത്തകരാണ് സിബിസിഐക്ക് കത്തയച്ചത്.

ENGLISH SUMMARY:

The new Waqf law comes into effect today, following the notification issued by the Central Ministry of Minority Affairs. The Waqf Law Amendment Bill, passed by both the Lok Sabha and the Rajya Sabha on Thursday and Friday, was subsequently signed by the President on Thursday.