അച്ചടക്കം പാലിക്കാന്‍ അധ്യാപിക കുട്ടികളോട് കാണിച്ച ക്രൂരതയില്‍ എന്നന്നേക്കുമായി നഷ്ടമായത് ആറുവയസുകാരന്റെ വലതുകണ്ണിന്റെ കാഴ്ച്ച. കര്‍ണാടകയിലെ ചിന്താമണിയിലാണ് സംഭവം. കൂടിനിന്ന കുട്ടികളുടെ നേര്‍ക്ക് അധ്യാപിക എറിഞ്ഞ വടി കൊണ്ടത് യശ്വന്ത് എന്ന വിദ്യാര്‍ഥിയുടെ കണ്ണിലായിരുന്നു. ഒരു വര്‍ഷം നീണ്ട ചികിത്സയ്ക്കൊടുവിലും കാഴ്ച്ചശക്തി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് മാതാപിതാക്കള്‍ അധ്യാപികയ്ക്കും സ്കൂള്‍ അധികൃതര്‍ക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നത്.
2024 മാര്‍ച്ച് ആറിനായിരുന്നു സംഭവം. സര്‍ക്കാര്‍ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു ശശ്വന്ത്. ബഹളമില്ലാതെയിരിക്കാന്‍ കുട്ടികളുടെ ഇടയിലേക്ക് അധ്യാപിക കയ്യില്‍ കരുതിയ വടിയെറിഞ്ഞു. വടി കൊണ്ടത് യശ്വന്തിന്റെ വലതുകണ്ണിലായിരുന്നു, പരുക്കേറ്റെങ്കിലും വലിയ ഗൗരവമുള്ളതാണെന്ന് മാതാപിതാക്കള്‍ക്കും ബോധ്യപ്പെട്ടില്ല. എന്നാല്‍ പിന്നാലെ കുട്ടിയുടെ കണ്ണിന്റെ അവസ്ഥ മോശമായിത്തുടങ്ങി. ആദ്യം ചിന്താമണിയിലെ ഓപ്താല്‍മോളജിസ്റ്റിനെയും പിന്നെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
2024 ഡിസംബറില്‍ ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍വച്ച് യശ്വന്തിന് രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കുട്ടിയുടെ കാഴ്ച്ചശക്തി തിരിച്ചുകിട്ടിയില്ല. അതോടെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ബല്‍ട്ടാഹല്ലി പൊലീസ് സ്റ്റേഷനു പുറത്ത് കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് അധ്യാപികയ്ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.
പ്രാദേശിക ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടേയും മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തില്‍ അടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.