ബംഗാളില്‍ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. മൂര്‍ഷിദാബാദിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് പ്രതികരണം. നിയമഭേദഗതിക്കെതിരെ എന്‍.ഡി.എ ഘടകകക്ഷിയായ മണിപ്പൂരിലെ നാഷണൽ പീപ്പിൾസ് പാർട്ടി രംഗത്തെത്തി. സുപ്രീംകോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
കൊല്‍ക്കത്തയില്‍ പൊതുചടങ്ങില്‍ സംസാരിക്കവെയാണ് വഖഫ് ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്വത്തിന്‍റെയും സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കും. എല്ലാവരും ഒരുമിച്ച് നില്‍ക്കണം. രാഷ്ട്രീയ പ്രകോപനങ്ങളില്‍ വീഴരുതെന്നും മമത പറഞ്ഞു.
ഇന്നലെ സംഘര്‍ഷമുണ്ടായ മുര്‍ഷിദാബാദില്‍ നിലവില്‍ സ്ഥിതി ശാന്തമാണെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചവരെ ഇന്‍റര്‍നെറ്റ് നിരോധനം തുടരും. ഇന്നലെ കല്ലേറിലും തീവയ്പ്പിലും പൊലീസുകാര്‍ക്ക് അടക്കം 10 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഘടകകക്ഷികളുടമായി ആലോചിക്കാതെയാണ് നിയമം നടപ്പാക്കിയതെന്നും ഭരണഘടനാ സാധുത ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നും മണിപ്പുരിലെ എന്‍.ഡി.എ. ഘടകകക്ഷിയായ എന്‍.പി.പി. അറിയിച്ചു,. ഇന്നലെ ഇംഫാൽ ഈസ്റ്റ്, തൗബൽ, ബിഷ്ണുപൂർ ജില്ലകളിൽ മെയ്തെയ് വിഭാഗം വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.