Image Credit : Instagram
ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിച്ച മെസിയുടെ ജഴ്സി കിട്ടിയതിന്റെ സന്തോഷത്തിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘മാഡം ദീദി’ എന്ന കുറിപ്പോടെയാണ് മെസി ജഴ്സിയില്‍ കയ്യൊപ്പ് വച്ചത്.
‘ഫുട്ബോള്‍ ഒരു ആവേശമാണ്. അത് എന്റെ സിരകളില്‍ ഒഴുകുന്നു'- നിറഞ്ഞ സന്തോഷത്തോടെ മെസിയുടെ 'അര്‍ജന്റീന' ദേശീയ ജഴ്സി പങ്കുവച്ച് മമത ബാനര്‍ജി കുറിച്ചു. 'ബംഗാളിന് ഫുട്ബോളുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതിന്റെ പ്രതീകമാണ് മെസിയുടെ ഈ ജഴ്സി. ഫുട്ബോളിനോടുള്ള പ്രണയം നമ്മളെയെല്ലാം ഒന്നിപ്പിക്കുന്നു'വെന്നും മമത കുറിച്ചു. ബംഗാളും ഫുട്ബോളും തമ്മിലെ ഇഴപിരിയാത്ത ബന്ധത്തിന് ഈ ജഴ്സി കൂടുതല്‍ മനോഹാരിത നല്‍കുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി പറയുന്നു.
കൊല്‍ക്കത്തയിലെ നവാബ് അലി പാര്‍ക്ക് ദവാത്ത്–ഇ–ഇഫ്താറില്‍ വച്ചാണ് മുഖ്യമന്ത്രിക്ക് മെസിയുടെ കയ്യൊപ്പുള്ള ജേഴ്സി കൈമാറിയത്. ബംഗാള്‍ മന്ത്രി ഫിര്‍ഹദ് ഹക്കിം ആണ് മെസിയുടെ കയ്യൊപ്പുള്ള ജഴ്സി മുഖ്യമന്ത്രിക്ക് ലഭിച്ച വിവിരം പങ്കുവച്ചത്. അണ്ടര്‍ 17 ലോകകപ്പ് വിജയകരമായി ആതിഥേയത്വം വഹിച്ചതിന് 2018ല്‍ മെസി ബാര്‍സിലോനയുടെ ജഴ്സി മമത ബാനര്‍ജിക്ക് സമ്മാനിച്ചിരുന്നു.
മെസിക്കും കൊല്‍ക്കത്തയുമായി ഊഷ്മളമായ ബന്ധമാണുള്ളത്. 2011ല്‍ സൗഹൃദമല്‍സരം കളിക്കാന്‍ മെസി കൊല്‍ക്കത്തയിലെത്തിയിരുന്നു. അന്ന് വെനസ്വേലക്കെതിരെയായിരുന്നു രാജ്യാന്തര സൗഹൃദമല്‍സരം. എതിരില്ലാത്ത ഒരു ഗോളിന് മെസിയുടെ അര്‍ജന്റീന വിജയിക്കുകയും ചെയ്തു. 75000 കാണികളാണ് മെസിയുടെ മല്‍സരം കാണാന്‍ കോല്‍ക്കത്ത സ്റ്റേഡിയത്തിലെത്തിയത്.