ഡല്‍ഹിയില്‍ ഓശാന ഞായറിനോട് അനുബന്ധിച്ച് നടത്താനിരുന്ന 'കുരിശിന്‍റെ വഴി'ക്ക് പൊലീസ് അനുമതി നിഷേധിച്ചു. സെന്‍റ് മേരീസ് പള്ളി മുതല്‍ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ വരെയുള്ള പ്രദക്ഷിണത്തിനാണ് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചത്. അതേസമയം പൊലീസിന്‍റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ഓശാന ഞായര്‍ ദിനം കുരിശിന്‍റെ വഴി നടത്താറുണ്ടെന്നും രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കുചേരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പും സമാനമായി അനുമതി നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ക്രിസ്മസ് വിരുന്നിനടക്കം എത്തിയിട്ടുള്ള പള്ളിയാണ് സേക്രഡ് ഹാര്‍ട്ട് പള്ളി. സിബിസിഐ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ഡൽഹി അതിരൂപതയുടെ ആസ്ഥാനവും ഇവിടെയാണ്. ഉച്ചകഴിഞ്ഞ് രണ്ടരയോടെ പള്ളിക്കുള്ളില്‍ പ്രദക്ഷിണം സംഘടിപ്പിക്കുമെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി പത്ത് കിലോമീറ്ററോളം ദൂരത്തിലാണ് ഓശാനാ ഞായറിലെ കുരിശിന്‍റെ വഴി സംഘടിപ്പിക്കാറുള്ളത്.
അതേസമയം, വിശുദ്ധവാരാചരണത്തിനു തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാനഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടന്നു. വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും കുരുത്തോല പ്രദക്ഷിണം നടത്തി. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം.