കോളജ് വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് തമിഴ്നാട് ഗവർണർ ആർ.എൻ.രവി. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളജിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവെയായിരുന്നു സംഭവം. ഗവർണറുടെ പ്രവൃത്തി വിവാദമാവുകയും ഇതിനെതിരേ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ഗവര്‍ണര്‍ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ടപ്പോൾ ചില വിദ്യാർഥികൾ അതേറ്റു വിളിക്കുന്നതും വീഡിയോയിൽ കാണാം. പ്രസംഗത്തിൽ ഗവർണർ ഡിഎംകെയേയും സംസ്ഥാന സർക്കാരിനേയും രൂക്ഷമായി വിമർശിച്ചു. ഗവർണറുടെ പ്രവൃത്തി രാജ്യത്തെ മതേതര മൂല്യങ്ങൾക്കെതിരാണെന്നും ഭരണഘടനയെ ലംഘിക്കാനാണ് ഗവർണറുടെ ശ്രമമെന്നും ചൂണ്ടിക്കാട്ടി ഡിഎംകെ വക്താവ് ധരണീധരൻ രംഗത്തെത്തി.
അതേ സമയം പത്തുബില്ലുകൾ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഈ ബില്ലുകൾക്ക് ഗവർണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും അതിന്മേൽ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന നടപടികൾക്ക് നിയമസാധുതയുണ്ടാവില്ലെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഗവർണർ ആർ.എൻ. രവി തടഞ്ഞുവെച്ച 10 ബില്ലുകളാണ് ഇപ്പോൾ നിയമമായിരിക്കുന്നത്. സുപ്രീം കോടതി വിധി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് വരെ തമിഴ്നാട് സർക്കാർ കാത്തിരുന്നു. ഇന്ന് പുലർച്ചെയോടെ വിധി അപ്ലോഡ് ചെയ്തു. തൊട്ടുപിന്നാലെ തന്നെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ബില്ലുകളെല്ലാം നിയമമായി എന്ന അറിയിപ്പാണ് ഉണ്ടായിരിക്കുന്നത്. ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ഇത്തരത്തിൽ ബില്ലുകൾ നിയമമാകുന്നത് ആദ്യമായിട്ടാണ്.