centre-sc-review
  • ബില്ലില്‍ ഒപ്പിടാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച വിധി
  • കാലതാമസം വരുത്തിയാല്‍ കാരണം ബോധിപ്പിക്കണം
  • തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നിര്‍ണായക വിധി

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയേക്കും. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും  സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നിയമസഭ രണ്ടുവട്ടം പാസാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി തടഞ്ഞത് സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ 2023 ല്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം സുപ്രധാന വിധി പുറപ്പെടുവിച്ചത്. 

ഗവര്‍ണര്‍ ബില്ലുകള്‍ അയച്ചാല്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും കാലതാമസമുണ്ടായാല്‍ കാരണം സംസ്ഥാനത്തെ അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി പാലിക്കപ്പെട്ടില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും 415 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ജെബി പാര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതി മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. വിധിപ്പകര്‍പ്പ് എല്ലാ ഗവര്‍ണര്‍മാരുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ഹൈക്കോടതികള്‍ക്കും അയക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 

സുപ്രീംകോടതി വിധിക്ക് പിന്നാലെ 10 ബില്ലുകളും തമിഴ്നാട് സര്‍ക്കാര്‍ നിയമമാക്കുകയും ചെയ്തിരുന്നു. ഗവര്‍ണറുടെയോ, രാഷ്ട്രപതിയുടെയോ അംഗീകാരമില്ലാതെ ഇതാദ്യമായാണ് ബില്ലുകള്‍ നിയമമായത്.  അതേസമയം, സുപ്രീം കോടതി നടപടി ഭരണഘടനാപരമല്ലെന്ന വാദവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ക്കലേക്കര്‍ രംഗത്തെത്തിയിരുന്നു. കോടതിക്ക് ഭരണഘടനാഭേദഗതി വരുത്താനാവില്ലെന്നും പാര്‍ലമെന്‍റും നിയമസഭകളും പിന്നെ എന്തിനാണെന്നും രാജേന്ദ്ര അര്‍ലേക്കര്‍ ചോദ്യമുയര്‍ത്തിയിരുന്നു.

ENGLISH SUMMARY:

The Centre is likely to seek a review of the Supreme Court ruling mandating time limits for decisions by Governors and the President on state legislature bills. The verdict was based on Tamil Nadu's blocked bills.