നീറ്റ് പ്രവേശന പരീക്ഷാ ഫലത്തിൽ ക്രമക്കേട് ആരോപിച്ച് എൻഎസ്‌യുഐ പ്രവർത്തകർ

നീറ്റ് ക്രമക്കേട് ആരോപണങ്ങള്‍ പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീം കോടതി. പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മറുപടിയാവശ്യപ്പെട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കോടതി നോട്ടീസയച്ചു. എന്നാല്‍ പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. 

ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 10 വിദ്യാര്‍ഥികള്‍ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനാത്കമായ നിരീക്ഷണം.  കാര്യങ്ങള്‍ ലളിതമല്ല, പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്നും മറുപടി വേണമെന്നും ജസ്റ്റിസ് അഹ്സാനുദ്ദിന്‍ അമാനുള്ള പറഞ്ഞു. പരീക്ഷാ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് വിശദീകരണം തേടി കോടതി നോട്ടീസയച്ചു. രണ്ടാഴ്ചക്കകം മറുപടി നല്‍കണം, കേസില്‍ ജൂലൈ എട്ടിന് വാദം കേള്‍ക്കും. അതേസമയം പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ വിക്രം നാഥുമുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ചോദ്യ പേപ്പർ ചോർച്ച ബീഹാർ പൊലീസ് അന്വേഷിക്കുന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി ഈ മാസം ഒന്നിനാണ് വിദ്യാര്‍ഥികള്‍ ഹർജി നൽകിയത്. ജൂൺ നാലിന് ഫലം വന്നപ്പോൾ 67 വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക്  ലഭിച്ചതും ഗ്രേസ് മാർക്ക് അനുവദിച്ചതിലെ അപാകതകളും ക്രമക്കെട് ആരോപണം ശക്തമാക്കി. തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരാതികള്‍ പരിശോധിക്കാൻ ഉന്നതാധികാര സമിതിയെ  നിയോഗിച്ചിരിക്കുകയാണ്. വിഷയത്തില്‍ എം.എസ്.എഫും കൂടുതല്‍ വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

ENGLISH SUMMARY:

‘Sanctity of exam affected’: Supreme Court seeks response on plea to cancel NEET