Image: ANI

അവിവാഹിതയായ യുവതിയും വിവാഹിതനായ പുരുഷനുമൊത്തുള്ള ലിവ്–ഇന്‍ ബന്ധം വിവാഹബന്ധത്തിന് സമാനമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം കേസുകളില്‍ പങ്കാളിക്ക് സ്വത്തവകാശമോ പിന്തുടര്‍ച്ചാവകാശമോ ആവശ്യപ്പെടാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ആര്‍.എം.ടി ടീക്കാ രാമന്‍റെ ബെഞ്ച് വിധിച്ചു.

ജയചന്ദ്രന്‍ എന്ന യുവാവാണ് ഹര്‍ജിക്കാരന്‍. നിയമപരമായ വിവാഹത്തില്‍ ജയചന്ദ്രന് ഭാര്യയും 5 മക്കളുമുണ്ട്. ഈ ബന്ധം വേര്‍പെടുത്താതെ ജയചന്ദ്രന്‍ മാര്‍ഗരറ്റ് അരുള്‍മൊഴി എന്ന യുവതിയുമായി ലിവ്–ഇന്‍ ബന്ധത്തില്‍ കഴിഞ്ഞു വന്നു. അപ്രതീക്ഷിതമായി അരുള്‍മൊഴി മരിച്ചതോടെ അവരുടെ പേരിലുണ്ടായിരുന്ന സ്വത്തില്‍ വീട്ടുകാര്‍ അവകാശമുന്നയിച്ചു. ജയചന്ദ്രന്‍ അരുള്‍മൊഴിയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ വിചാരണക്കോടതി അരുള്‍മൊഴിയുടെ കുടുംബത്തിന് അനുകൂലമായി വിധിച്ചു. ഇതിനെതിരെ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

ആദ്യഭാര്യ സ്റ്റെല്ലയുമായുള്ള ബന്ധം ആചാരമനുസരിച്ച് വേര്‍പെടുത്തിയിരുന്നുവെന്നും പിന്നീടാണ് അരുള്‍മൊഴിയുമായി ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയതെന്നും ജയചന്ദ്രന്‍ അപ്പീലില്‍ വാദിച്ചു. അരുള്‍മൊഴിയുടെ സര്‍വീസ് റെക്കോര്‍ഡുകളിലെല്ലാം തന്നെയാണ് ഭര്‍ത്താവായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും പെന്‍ഷനുള്‍പ്പടെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും താനാണ് അവകാശിയെന്നും ജയചന്ദ്രന്‍ അവകാശപ്പെട്ടു. അരുള്‍മൊഴി മരിച്ചുവെങ്കിലും ഭര്‍ത്താവിന്‍റെ സ്ഥാനമാണ് തനിക്കുള്ളതെന്നും മകളുടെ ഭര്‍ത്താവായി തന്നെ പരിഗണിച്ച് സ്വത്തുക്കള്‍ നല്‍കണമെന്നുമുള്ള ജയചന്ദ്രന്‍റെ വാദം കോടതി അംഗീകരിച്ചില്ല.

വിവാഹമോചന നിയമം അനുസരിച്ച് ആചാരപരമായ ചടങ്ങുകള്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ പര്യാപ്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.  ക്രിസ്ത്യന്‍ വിവാഹ നിയമം കൃത്യമായും ഒരാള്‍ക്ക് ഒരുപങ്കാളിയെന്ന വ്യവസ്ഥ പിന്തുടരുന്നതാണെന്നും അതനുസരിച്ച് ജയചന്ദ്രന്‍റെ ആദ്യ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ജയചന്ദ്രന്‍റെ പേരാണ് പെന്‍ഷന്‍ ഉള്‍പ്പടെയുള്ള രേഖകളില്‍ അരുള്‍മൊഴി നല്‍കിയിരുന്നതെങ്കിലും ഇത് സ്വയം സാക്ഷ്യപ്പെടുത്തലായി മാത്രമേ പരിഗണിക്കാനാവൂ എന്നും അല്ലാതെ നിയമപരമായ അവകാശിയെന്ന് അര്‍ഥമില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Live in relationship with a married man can not treated as relationsship in nature of marriage says Madras High court. In the absence of any codified law, the live in partner could not seek any succession of the property of the other part.