രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്‍റെ പേര് വലിച്ചിഴയ്ക്കേണ്ടതില്ലെന്ന് തെലങ്കാന മന്ത്രിയോട് തുറന്നടിച്ച് നടി സാമന്ത റൂത്ത് പ്രഭു. നാഗചൈതന്യ–സാമന്ത വിവാഹമോചനത്തോട് മുന്‍ മുഖ്യമന്ത്രി കെഎസ്ആറിന്‍റെ മകന്‍ കെ.ടി. രാമറാവുവിന്‍റെ പേര് ചേര്‍ത്ത് വച്ചുള്ള മന്ത്രി കൊണ്ട സുരേഖയുടെ പരാമര്‍ശത്തെയാണ് താരം രൂക്ഷമായി വിമര്‍ശിച്ചത്. മന്ത്രിമാര്‍ കുറച്ച് കൂടി ഉത്തരവാദിത്തമുള്ളവരും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്നവരുമാകണമെന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ സാമന്തയുടെ പ്രതികരണം.
രാഷ്ട്രീയപ്പോരിലേക്ക് തന്‍റെ പേര് ആരും വലിച്ചിഴയ്ക്കേണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ അവര്‍ വ്യക്തമാക്കി. വിവാഹമോചനം തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും അതേക്കുറിച്ച് കൂടുതല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ഒഴിയണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും അവര്‍ കുറിച്ചു. എന്‍റെ വിവാഹമെചനം രണ്ടുപേരും കൂടി ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നുവെന്നും അതില്‍ ഒരുതരത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയും ഉണ്ടായിട്ടില്ലെന്നും അവര്‍ തുറന്നടിച്ചു.
സാമന്തയുടെ കുറിപ്പിങ്ങനെ: 'സ്ത്രീകള്‍ക്ക് മാന്യമായ പെരുമാറ്റം പലപ്പോഴും കിട്ടാത്ത സദാ വെള്ളിവെളിച്ചത്തിലുള്ള ഒരു തൊഴിലിടത്തില്‍ ജോലി ചെയ്യുന്ന, അതിജീവിക്കുന്ന, പ്രണയത്തിലാകാനും അതില്‍ നിന്ന് പുറത്ത് വരാനും, നിവര്‍ന്ന് നില്‍ക്കാനും പോരാടാനുമെല്ലാം കഴിയുന്ന സ്ത്രീയാകാന്‍ വലിയ ധൈര്യവും മനക്കരുത്തും ആവശ്യമാണ്. ഈ യാത്ര എന്നെ എവിടെ എത്തിച്ചുവെന്നതിലും എങ്ങനെ പരുവപ്പെടുത്തിയെന്നതിലും ഞാന്‍ അഭിമാനിക്കുന്നുണ്ട്. ബഹുമാനപ്പെട്ട കൊണ്ട സുരേഖ, നിങ്ങളതിനെ തീര്‍ത്തും നിസാരമായി കാണരുത്. മന്ത്രിയെന്ന നിലയില്‍ നിങ്ങളുടെ വാക്കുകള്‍ക്ക് കരുത്തേറെയാണെന്ന് നിങ്ങള്‍ക്കറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വ്യക്തികളുടെ സ്വകാര്യതയെ ബഹുമാനിക്കാനും കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കാനും നിങ്ങള്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
എന്‍റെ വിവാഹമോചനം തീര്‍ത്തും സ്വകാര്യമായ വിഷയമാണ്. അതേക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാണ് അഭ്യര്‍ഥന. അക്കാര്യം തികച്ചും സ്വകാര്യമായി സൂക്ഷിക്കാനും അനാവശ്യമായ പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനുമാണ് ഞങ്ങള്‍ തീരുമാനിച്ചത്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ആ വിവാഹമോചനം രണ്ടുപേരുടെയും സമ്മതത്തോട് കൂടി സംഭവിച്ചതാണ്. ഒരു രാഷ്ട്രീയ ഗൂഢാലോചനയും അതില്‍ ഉണ്ടായിട്ടില്ല. നിങ്ങളുടെ രാഷ്ട്രീയപ്പോരുകളില്‍ നിന്ന് എന്‍റെ പേര് ഒഴിവാക്കാമോ? ഇന്നേ വരെ രാഷ്ട്രീയത്തിലിടപെടാതെയാണ് ഞാന്‍ കഴിഞ്ഞത്, അതങ്ങനെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതും.'
സുരേഖയുടെ ആരോപണത്തില്‍ നാഗചൈതന്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, മന്ത്രിയുടെ പരാമര്‍ശം തീര്‍ത്തും അസത്യവും അസംബന്ധവും അപ്രസക്തവുമാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും നാഗചൈതന്യയുടെ പിതാവും മുതിര്‍ന്ന നടനുമായ നാഗാര്‍ജുന സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. ' മന്ത്രിയുടെ വാക്കുകളെ ശക്തമായി അപലപിക്കുകയാണ്. എതിരാളികളെ താറടിച്ച് കാണിക്കുന്നതിനായി രാഷ്ട്രീയത്തില്‍ നിന്നകന്ന് കഴിയുന്ന സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ ഉപയോഗിക്കരുത്. അവരെ അതിലേക്ക് വലിച്ചിഴയ്ക്കരുത്. ആളുകളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ എന്‍റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളയുകയാണെന്നും പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം കുറിച്ചു.
ചലച്ചിത്ര നടിമാരില്‍ പലരും അഭിനയം മതിയാക്കി വിവാഹം കഴിച്ച് പോയതിന് പിന്നാല്‍ കെ.ടി.ആറാണെന്ന ആരോപണവും സുരേഖ ഉന്നയിച്ചിരുന്നു. നടിമാരെ ലഹരി നല്‍കി അതിനടിമകളാക്കിയ ശേഷം അവരെ ബ്ലാക്ക്മെയില്‍ ചെയ്യുക പതിവാണെന്നും അവര്‍ ആരോപിച്ചിരുന്നു. വലിയ വിമര്‍ശനമാണ് മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ തെലങ്കാനയിലും സമൂഹമാധ്യമങ്ങളിലും ഉയരുന്നത്.