SUPREME-COURT

കുടുംബങ്ങള്‍ക്കുള്ളില്‍ പങ്കാളി നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ മനസിലാക്കി അവരെ പിന്തുണയ്ക്കാന്‍ രാജ്യത്തെ പുരുഷന്‍മാര്‍ തയ്യാറാകണമെന്ന് സുപ്രീം കോടതി.  സ്വന്തമായി വരുമാനമില്ലാത്ത വീട്ടമ്മമാര്‍ക്ക് വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭര്‍ത്താവ് സാമ്പത്തിക പിന്തുണ നല്‍കണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ഓര്‍മിപ്പിച്ചു. മുസ്ലീം സ്ത്രീക്ക് ക്രിമിനല്‍ ചട്ടംപ്രകാരം ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അവകാശമുണ്ടെന്ന വിധിയുടെ ഭാഗമായാണ് വിവാഹിതരായ സ്ത്രീകളുടെ സ്വാശ്രയത്വത്തിനായുള്ള  നിര്‍ദേശം.

സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്തതിനാല്‍ ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകൾ, പ്രത്യേകിച്ച് വീട്ടമ്മമാര്‍ നിത്യജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.   പുരുഷന്മാന്‍ ഇവയെക്കുറിച്ച് ബോധവാന്മാരാകണം.  ഭാര്യമാരെ സാമ്പത്തികമായി ശാക്തീകരിക്കണം.   പ്രശ്നങ്ങള്‍ മനസിലാക്കുന്ന പുരുഷന്‍മാര്‍ ഭാര്യമാര്‍ക്ക് ജോയിന്‍റ് ബാങ്ക് അക്കൗണ്ടും എ.ടി.എം കാര്‍ഡുമടക്കം തന്‍റെ സാമ്പത്തിക സ്രോതസുകള്‍ നല്‍കുന്നുണ്ടെന്നും ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണെന്നും വിധിന്യായത്തില്‍ പറയുന്നു.

സ്വന്തമായി വരുമാന മാര്‍ഗമുള്ള സ്ത്രീ ഭർത്താവിനെയും കുടുംബത്തെയും പൂർണ്ണമായി ആശ്രയിക്കാതെ കഴിയുന്നവളായിരിക്കാം.  എന്നാൽ, ഭർത്താവിനെയും കുടുംബത്തെയും ആശ്രയിച്ച് കഴിയുന്ന വരുമാനമില്ലാത്ത വീട്ടമ്മമാരുടെ സ്ഥിതി എന്താണെന്ന്  ജസ്റ്റിസ് ബി വി നാഗരത്‌ന ചോദിച്ചു.  ഭർത്താവിനോടുള്ള സ്നേഹത്തിന്‍റെയും കരുതലിന്‍റെയും വാല്‍സല്യത്തിന്‍റെയും പ്രതീകമായാണ് ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളെ കണക്കാക്കുന്നത്. ഭർത്താവിൽനിന്നും കുടുംബത്തിൽനിന്നും ആശ്വാസവും ബഹുമാനവും അല്ലാതെ മറ്റൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ലെന്നും വിധിയില്‍ വിലയിരുത്തുന്നു.    

സ്വകാര്യ ചെലവുകൾക്കായി ഭർത്താവിനോടോ കുടുംബത്തോടോ പണം ചോദിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ വീട്ടമ്മമാര്‍ വീട്ടുചെലവുകള്‍ കുറച്ച് കുടുംബ ബജറ്റിൽ കഴിയുന്നത്ര പണം ലാഭിക്കാൻ ശ്രമിക്കുന്നു.  ഇന്ത്യയിലെ വിവാഹിതരായ മിക്ക പുരുഷന്മാരും ഇത്തരം വീട്ടമ്മമാരുടെ ദുരവസ്ഥ  മനസ്സിലാക്കുന്നില്ല.  ചെലവിനായി പണം ചോദിക്കുമ്പോള്‍ ഭർത്താവും കുടുംബവും വെട്ടിത്തുറന്ന് നിരസിച്ചേക്കാം.  വരുമാന മാര്‍ഗമില്ലാത്ത ഭാര്യ വൈകാരികമായി മാത്രമല്ല സാമ്പത്തികമായും തങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുത ചില ഭർത്താക്കന്മാർ മനസിലാക്കുന്നില്ലെന്നും വിധിന്യായത്തിൽ നിരീക്ഷിച്ചു.  

ENGLISH SUMMARY:

Maintaining joint bank accounts and sharing ATM access were necessary to ensure economic stability for women within the household says Supreme Court.