ആദ്യ ബന്ധത്തില്‍ നിന്ന് വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം ചെയ്ത യുവതിക്കും ഭര്‍ത്താവിനും കടുത്ത ശിക്ഷ തന്നെ വേണമെന്ന് സുപ്രീംകോതി. ഇരട്ട വിവാഹത്തിന് നിസ്സാര ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി വിധി കുറ്റത്തിന് മതിയായതല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കുറ്റത്തിന് ചേര്‍ന്ന ശിക്ഷ നല്‍കിയാലേ സമൂഹത്തില്‍ അച്ചടക്കം കൈവരൂവെന്നും ജസ്റ്റിസുമാരായ സി.ടി. രവികുമാര്‍, പി.വി. സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. താനുമായുള്ള വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയാകും മുന്‍പ് ഭാര്യ വീണ്ടും വിവാഹിതയായതിനെതിരേയായിരുന്നു കേസ്. ഭാര്യയും രണ്ടാം ഭര്‍ത്താവുമാണ് പ്രതികള്‍. ഭാര്യയുടെ മാതാപിതാക്കളെയും പ്രതിചേര്‍ത്തിരുന്നെങ്കിലും വിചാരണക്കോടതി അവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഐപിസി 494 അനുസരിച്ച് യുവതിയെയും രണ്ടാം ഭര്‍ത്താവിനെയും വിചാരണ കോടതി ഒരു വര്‍ഷം കഠിനതടവിനും രണ്ടായിരം രൂപ പിഴക്കും ശിക്ഷിച്ചു. സെഷന്‍സ് കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരെ ആദ്യ ഭര്‍ത്താവ് ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തു. പിഴത്തുക 20,000 ആക്കിയ ഹൈക്കോടതി 'കോടതി പിരിയും വരെ തടവ് 'എന്ന ശിക്ഷയില്‍ വിധിയെഴുതി. ആദ്യ ഭര്‍ത്താവ് ഈ വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി
നിയമനിര്‍മാണ സഭ കടുത്ത കുറ്റകൃത്യമായാണ് ബഹുഭര്‍തൃത്വത്തെ കാണുന്നതെന്ന് പറഞ്ഞ സുപ്രീം കോടതി സമൂഹത്തിന് പാഠമാകാന്‍ കുറ്റത്തിനനുസരിച്ച ശിക്ഷ നല്‍കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി. ഹൈക്കോടതി ചുമത്തിയ 20,000 രൂപയുടെ പിഴ 2,000 രൂപയായി കുറച്ചു. ഭാര്യക്കും രണ്ടാം ഭര്‍ത്താവിനും ആറുമാസം വീതം തടവ് ശിക്ഷ വിധിച്ചു. ആറു വയസ്സുള്ള കുട്ടിയുടെ സംരക്ഷണം കണക്കിലെടുത്ത കോടതി വ്യത്യസ്തമായ ഒരു ശിക്ഷ നിര്‍ദേശിച്ചു. രണ്ടാം ഭര്‍ത്താവ് ആദ്യം ശിക്ഷയനുഭവിക്കുക. ആ സമയം കുട്ടിക്ക് അമ്മയുടെ സംരക്ഷണമുണ്ടാകും. ഭര്‍ത്താവ് ജയില്‍ മോചിതനായ ശേഷം ഭാര്യ ജയില്‍വാസമനുഭവിക്കുക.
പ്രത്യേക സാഹചര്യത്തിലുള്ള വിധിയാണിതെന്നും അതിനാല്‍ ഈ ശിക്ഷാരീതി കീഴ്വഴക്കമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.