supreme-court

TOPICS COVERED

11 വര്‍ഷമായി ചലനമറ്റുകിടക്കുന്ന ഏക മകന്‍, അവന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന നേരിയ പ്രതീക്ഷയുടെ വെളിച്ചവും  അണഞ്ഞപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ ആ തീരുമാനമെടുത്തു. "വളരെ വളരെ കഠിനം" എന്നല്ലാതെ പരമോന്നത കോടതിക്ക് ആ തീരുമാനത്തെ വിശേഷിപ്പിക്കാന്‍ മറ്റു വാക്കുകളില്ലായിരുന്നു. 

ഹരിയാന സ്വദേശിയായ 62കാരന്‍ അശോക് റാണയും ഭാര്യ 55കാരി നിർമല ദേവിയുമാണ് 30 വയസുള്ള മകന്‍ ഹരീഷ് റാണയ്ക്ക് നിഷ്ക്രിയ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.    2013ല്‍ മൊഹാലിയിൽ സിവിൽ എന്‍‌ജിനീയറിങ് പഠിക്കവെ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ നാലാം നിലയിൽനിന്ന് വീണാണ് ഹരീഷിന്‍റെ തലയ്ക്കുള്‍പ്പെടെ  ഗുരുതരമായി പരുക്കേറ്റത്.  ശരീരം പൂര്‍ണമായി തളര്‍ന്നു. മകനെ പഴയ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ അവര്‍ പോരാടി, പരമാവധി ചികില്‍സ നല്‍കി, പക്ഷേ ഫലമുണ്ടായില്ല.  ചികില്‍സാ ചെലവ് താങ്ങാനാകാതെയായി, ആരോഗ്യനിലയില്‍ പുരോഗതിയെന്ന പ്രതീക്ഷയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  അങ്ങനെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതോടെയാണ് അവര്‍‌ നിഷ്ക്രിയ ദയാവധമെന്ന തീരുമാനമെടുത്തത്. ആദ്യം ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ പരിഗണിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.  ഈ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

 

"വളരെ വളരെ കഠിനമായ കേസ്" (“This is a very, very hard case”) എന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഹര്‍ജി പരിഗണിച്ചത്.  ദയാവധത്തിനു പകരം ചികിത്സയ്ക്കും പരിചരണത്തിനുമായി രോഗിയെ സർക്കാർ ആശുപത്രിയിലേക്കോ സമാനമായ മറ്റെവിടേക്കുമെങ്കിലോ മാറ്റാനുള്ള സാധ്യത പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വൃക്തമാക്കി.  ഹർജിയിൽ കോടതി കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികരണവും തേടി.

ജീവന്‍ നിലനിര്‍ത്താനാവശ്യമായ ചികില്‍സയോ ഉപകരണങ്ങളുടെ പ്രവര്‍ത്തനമോ അവസാനിപ്പിച്ച് രോഗിയെ മരണത്തിലേക്ക് വിടുന്നതാണ് നിഷ്ക്രിയ ദയാവധം.  പൈപ്പിലൂടെയാണ് ഭക്ഷണം നൽകുന്നതെന്നൊഴിച്ചാല്‍ ഹരീഷ് റാണയ്ക്ക് ജീവൻ നിലനിർത്താൻ വെന്‍റിലേറ്ററോ മറ്റ് ഉപകരണങ്ങളുടെ പിന്തുണയോ ആവശ്യമില്ല,  അതിനാൽ ഈ കേസ് നിഷ്ക്രിയ ദയാവധത്തിന്‍രെ പരിധിയില്‍ വരില്ലെന്നും ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുമടങ്ങിയ ബെഞ്ച് വിശദീകരിച്ചു. ചികില്‍സാ, പരിചരണ കാര്യങ്ങളില്‍ മറ്റു സാധ്യതകള്‍ പരിശോധിക്കാന്‍ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് കോടതി ആവശ്യപ്പെട്ടു.  അഭിഭാഷകരായ മനീഷ് ജെയിൻ, ജുഗുൽ കിഷോർ ഗുപ്ത, ഷാങ്കി ജെയിൻ, ബബില ഉമ്മർഖാൻ എന്നിവരാണ് ഹര്‍ജിക്കാര്‍ക്കായി കോടതിയില്‍ ഹാജരായത്.

ENGLISH SUMMARY:

Elderly couple sought mercy death for their son Supreme Court said it is harsh