പ്രസവശേഷം ഫ്രഞ്ച് ഫ്രൈസും ചോറും ഇറച്ചിയും കഴിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിച്ച് ഭാര്യ. കര്‍ണാടക സ്വദേശിയാണ് പരാതിക്കാരി. ഭര്‍ത്താവ് തന്നോട് ക്രൂരത കാണിക്കുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇത് തികച്ചും ബാലിശമാണെന്ന് വിധിച്ച കോടതി വിദേശത്തേക്ക് ജോലിക്കായി പോകുന്നതിന് അനുമതിയും നല്‍കി. കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് യുവതിയുടേത് ബാലിശമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കേസ് സ്റ്റേ ചെയ്തത്.
കേസിലെ നിയമ നടപടികള്‍ തുടരുന്നത് നിയമം ദുരുപയോഗം ചെയ്യുന്നതിനുള്ള പ്രോല്‍സാഹനമാകുമെന്നും അതിനാല്‍ കേസിലെ നിയമനടപടികള്‍ക്ക് സ്റ്റേ നല്‍കുകയാണെന്നും കോടതി വ്യക്തമാക്കി. അവശ്യമെങ്കില്‍ നിയമനടപടികളുമായി സഹകരിക്കാമെന്ന സത്യവാങ്മൂലം നല്‍കിയാല്‍ യുവാവിന് അമേരിക്കയിലെ ജോലിസ്ഥലത്തേക്ക് മടങ്ങാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിനെ പ്രസവിച്ച ശേഷം ഇറച്ചിയോ, ചോറോ, ഫ്രഞ്ച് ഫ്രൈസോ കഴിക്കാന്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അനുവദിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. എന്നാല്‍ ഭാര്യയുടെ വാദം തെറ്റാണെന്നും ആറുവര്‍ഷമായി വീട്ടിലെ ജോലികളെല്ലാം ഭാര്യ തന്നെ കൊണ്ടാണ് ചെയ്യിച്ചിരുന്നതെന്നും ഭാര്യ മുഴുവന്‍ സമയവും ഫോണില്‍ നോക്കിയിരിക്കുകയും, ഫോണ്‍ മാറ്റി വയ്ക്കുന്ന സമയങ്ങളില്‍ പാക്കിസ്ഥാന്‍ സീരിയലുകളും സിനിമകളും കാണുകയുമാണ് ചെയ്തിരുന്നതെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.