സ്വപ്ന സുരേഷ് മുഖ്യപ്രതിയായ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സുപ്രധാന ചോദ്യമുയര്‍ത്തി സുപ്രീംകോടതി. നയതന്ത്ര ബാഗേജുകള്‍ സ്കാന്‍ ചെയ്യാനും പരിശോധിക്കാനും സര്‍ക്കാരിന് അധികാരമുണ്ടോ എന്ന് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് സതീഷ്ചന്ദ്ര ശര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തോട് ആരാഞ്ഞു. ‘എന്താണ് നടപടിക്രമം? വിദേശ നയതന്ത്രപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ബാഗേജുകള്‍ പരിശോധിക്കാന്‍ കഴിയുമോ? അവര്‍ക്ക് പ്രത്യേക സംരക്ഷണമുണ്ടോ?’ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജുവിനോടായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.
‘നയതന്ത്ര ബാഗേജ് ആയാലും കുറ്റകൃത്യത്തിന് ഉപയോഗിച്ചാല്‍ പരിശോധന നടത്താന്‍ കഴിയേണ്ടതാണെ’ന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നായിരുന്നു എ.എസ്.ജിയുടെ മറുപടി. കൃത്യമായ വിവരം സര്‍ക്കാരുമായി സംസാരിച്ച് അറിയിക്കാമെന്നും എസ്.വി.രാജു ബോധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനുമേല്‍ ആരോപണമുയര്‍ന്ന നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് കര്‍ണാടകയിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ ചോദ്യങ്ങളും മറുപടിയും. മൂന്നാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യുഎഇ കോണ്‍സുലേറ്റിന്റെ ബാഗില്‍ 15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തിയതാണ് കേസ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്ന സ്വപ്ന സുരേഷാണ് മുഖ്യപ്രതി. സ്വപ്നയെയും കൂട്ടാളി സന്ദീപ് നായരെയും 2020 ജൂലൈ 11ന് എന്‍ഐഎ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വെവ്വേറെയാണ് ഈ കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരന്‍ പി.എസ്.സരിത്ത് എന്നിവരടക്കം നിരവധി പേര്‍ കേസില്‍ പ്രതികളാണ്.