ഇടുക്കി തൊടുപുഴയിൽ കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെ നഗ്‌നനായി വിഡിയോ കോൺഫറൻസിൽ പങ്കെടുത്ത അഭിഭാഷകനെതിരെ കേസ്. അഭിഭാഷകനായ ടി.കെ. അജനെതിരെയാണ് കേസ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.45നാണ് കേസിനാസ്പദമായ സംഭവം. അഭിഭാഷകന്‍റെ നടപടിയില്‍ കോടതി ഉദ്യോഗസ്ഥ പരാതി നല്‍കിയതിനെ തുടര്‍ന്ന് മുട്ടം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് നടക്കുന്നതിനിടെയാണ് കൊല്ലം ബാറിലെ അഭിഭാഷകനായ അജന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. കേസ് വാദിക്കുന്നതിനിടെ അജന്‍ ശബ്ദമുണ്ടാക്കി കോടതി നടപടി തടസപ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെ അജന്‍റെ മൈക്ക് ഓഫാക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ അജന്‍ നഗ്നതാപ്രദര്‍ശനം നടത്തി. ഇതോടെ നഗ്നതാപ്രദര്‍ശനത്തെയും ലൈംഗിക ചുവയുള്ള അംഗവിക്ഷേപങ്ങളെയും തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും കേസ് നേരിട്ട് കോടതിയിലെത്തി വാദിക്കണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്നിന് ഈ കേസ് വീണ്ടും പരിഗണിക്കും.
കോടതി ജീവനക്കാരിയുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ 79–ാം വകുപ്പ് അനുസരിച്ചും (സ്ത്രീയുടെ മാനത്തെ വാക്കിലൂടെയോ, പ്രവര്‍ത്തിയിലൂടെയോ അംഗവിക്ഷേപത്തിലൂടെയോ ഹനിക്കുമാറ് പെരുമാറുക) കേരള പൊലീസ് ആക്ടിലെ 119(1)(എ) വകുപ്പ് അനുസരിച്ചുമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഭിഭാഷകന്‍റെ പെരുമാറ്റം വനിതാ ജീവനക്കാര്‍ക്ക് മാനഹാനിയുണ്ടാക്കിയെന്നും കോടതി നടപടിയില്‍ മാന്യത പുലര്‍ത്താത്തത് ശരിയല്ലെന്നും മറ്റ് അഭിഭാഷകരും പറയുന്നു.