കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകനെ സിപിഎം മുന്‍ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. സാബു അടി വാങ്ങിക്കുമെന്ന് മുന്‍ ഏരിയ സെക്രട്ടറി സജി പറയുന്ന ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചു. സാബുവിനൊപ്പമാണെന്ന് പറയുമ്പോഴും സിപിഎം നേതാക്കളില്‍ നിന്ന് സാബുവിന് ഭീഷണിയുണ്ടായെന്നാണ് ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പുള്ള ഈ ശബ്ദരേഖ തെളിയിക്കുന്നത്. പാര്‍ട്ടി ഓഫിസ് പണിതതിന്‍റെ പേരില്‍ തനിക്ക് 80 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ഏരിയ സെക്രട്ടറി പറയുന്നതും പുറത്തുവന്ന ശബ്ദസന്ദേശത്തിലുണ്ട്. Read More : ബാങ്കില്‍ നിന്ന് ഇനി കിട്ടാനുള്ളത് 14 ലക്ഷം; ട്രാപ്പില്‍പെട്ടെന്ന് സാബു പറഞ്ഞു
താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് സജിയോട് സാബു പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും സാബു പറയുന്നുണ്ട്. ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നായിരുന്നു സജിയുടെ ചോദ്യം. വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി ‘പണി മനസ്സിലാക്കി തരാം’ എന്ന് സാബുവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
‘ഈ മാസം നിങ്ങള്‍ക്ക് പകുതി പൈസ തന്നുകഴിഞ്ഞിട്ട് നിങ്ങള്‍ അവരെ പിടിച്ച് തള്ളി ഉപദ്രവിക്കേണ്ട കാര്യമെന്താ? വിഷയമൊന്നും മാറ്റേണ്ട. നമ്മളിത് അറിഞ്ഞിട്ട് മിണ്ടാതിരിക്കുന്നതാണ്. നിങ്ങള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. നിങ്ങള്‍ക്ക് പണി അറിയാന്‍മേലാഞ്ഞിട്ടാ. അത് മനസിലാക്കിത്തരാം. ഞങ്ങള്‍ ഭൂമിയോളം ക്ഷമിച്ചാ നില്‍ക്കുന്നേ. ഞങ്ങള്‍ നിങ്ങളുടെയൊക്കെ സ്ഥാപനത്തില്‍ തരാനുള്ള പൈസ തരാന്‍ വേണ്ട ആ പിള്ളാരെല്ലാം കയ്യും കാലുമിട്ട് എല്ലാ കാര്യങ്ങളും ചെയ്തോണ്ടിരിക്കുമ്പോ നിങ്ങടെ കുടുംബത്തില്‍ നിങ്ങള് പറഞ്ഞ കാര്യം അന്തസായി ഞങ്ങള്‍ ചെയ്തോണ്ടിരിക്കുവാ. പ്രസ്ഥാനത്തില്‍ ചെന്ന് അയാളെ ഉപദ്രവിക്കേണ്ട കാര്യമൊന്നുമില്ല’ എന്നും സജി പറയുന്നു