ഭോപ്പാലില്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ വിളിച്ചയാള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി. മാസത്തില്‍ രണ്ടുതവണ പൊലീസ് സ്റ്റേഷനിലെത്തി ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്നാണ് കോടതിയുടെ നിബന്ധന. ഈ വര്‍ഷം മെയ് 17നാണ് കേസിനാസ്പദമായ സംഭവം. ‘പാക്കിസ്ഥാന്‍ സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്’ എന്നു വിളിച്ചതിനാണ് ഫൈസല്‍ എന്നയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതിന്‍റെ പേരിലാണ് യുവാവിന്‍റെ മേല്‍ ഐപിസി സെക്ഷന്‍ 153 പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. യുവാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ജനിച്ചുവളർന്ന രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചത് ഗുരുതരമായ കുറ്റമാണെന്നുമാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രതിപക്ഷം വാദിച്ചത്.
ഇരുഭാഗവും കേട്ട ശേഷം 50,000 രൂപയുടെ ബോണ്ടിലും അതേ തുകയുടെ ജാമ്യത്തിലും ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ മിസ്രോഡ് പൊലീസ് സ്റ്റേഷനിൽ ഫൈസൽ ഹാജരാകണമെന്നും 'ഭാരത് മാതാ കീ ജയ്' വിളിച്ച് 21 തവണ ഇന്ത്യൻ പതാകയെ അഭിവാദ്യം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.