TOPICS COVERED

ഓടുന്ന ട്രെയിനിലെ എയര്‍കണ്ടീഷന്‍ഡ്  ബര്‍ത്തില്‍ കിടക്കാന്‍ കയറിയപ്പോള്‍  കമ്പിയില്‍ ചുറ്റിപ്പിണഞ്ഞൊരു  വിഷപ്പാമ്പ്. ചാടണോ ഓടണോ എന്ന് സംശയിച്ച് യാത്രക്കാര്‍. മധ്യപ്രദേശിയിലെ ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് വന്ന ഗരീബ് രഥ് എക്സ്പ്രസിലാണ്  പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ യാത്രക്കാര്‍ ഉടനടി റയില്‍വേ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തിയെങ്കിലും യാത്രക്കാരുള്ള കംപാര്‍ട്ട്മന്‍റില്‍ നിന്ന് പാമ്പിനെ പിടികൂടുക എളുപ്പമായിരുന്നല്ല.

ഒടുവില്‍  യാത്രക്കാരെ മുഴവന്‍ മറ്റൊരു കോച്ചിലേക്ക് മാറ്റി. പാമ്പിനെ കണ്ടെത്തിയ കോച്ച് ലോക്ക് ചെയ്തു. തുടര്‍ന്ന് പൊലീസിന്‍റെ സാന്നിധ്യത്തില്‍ പാമ്പിനെ പിടികൂടി മറ്റ് അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടാകാതെ റയില്‍വേ വിഷയം കൈകാര്യം ചെയ്തെങ്കിലും  എ.സി.കോച്ചില്‍ എങ്ങിനെ പാമ്പ് കയറി എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. ഇക്കാര്യത്തില്‍ ഒരു പരിശോധനയും അന്വേഷണവും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

എന്തായാലും ഗരീബ് രഥിലെ  ബര്‍ത്തില്‍ പാമ്പ് കയറിയ ദൃശ്യങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 'ട്രെയിനിൽ പാമ്പ്, ഈ ധനികൻ എങ്ങനെയാണ് പാവപ്പെട്ടവരുടെ ട്രെയിനിൽ വന്നത്?' എന്ന ക്യാപ്​ഷനോടെയാണ് ഒരാള്‍ വിഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക് ഒട്ടേറെ കമന്‍റും  ലൈക്കും ലഭിക്കുന്നുണ്ട്. സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും യാത്രക്കാരുടെ സുരക്ഷയ്​ക്ക് റെയില്‍വേ ബാധ്യസ്ഥരാണെന്നും വെസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹർഷിത് ശ്രീവാസ്തവ അറിയിച്ചു.

ENGLISH SUMMARY:

The snake was found on the Garibrath Express