എജ്യൂ– ടെക് കമ്പനി ബൈജൂസും ബിസിസിഐയും തമ്മിലുണ്ടാക്കിയ 158.9 കോടി രൂപയുടെ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീംകോടതി റദ്ദാക്കി. കരാര്‍ ചോദ്യം ചെയ്ത് യുഎസിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗുരുതരമായ ആരോപണങ്ങള്‍ ബൈജൂസിനെതിരെ ഉയര്‍ന്നിട്ടും ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒത്തുതീര്‍പ്പിന് അനുവദിച്ചുവെന്നതില്‍ കോടതി അതിശയം പ്രകടിപ്പിച്ചു. ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്ന നടപടിയല്ല ട്രൈബ്യൂണലിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റ് കടക്കാര്‍ക്ക് 15000 കോടി രൂപയോളം നല്‍കാനുള്ളപ്പോള്‍ ബൈജൂസ് ബിസിസിഐയുടെ കടം മാത്രം കൊടുത്തു തീര്‍ക്കാനുള്ള തിടുക്കമെന്തെന്ന ചോദ്യവും കോടതി നേരത്തെ ഉയര്‍ത്തിയിരുന്നു.
ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെ എസ്ക്രോ അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഒത്തുതീര്‍പ്പ് തുക ക്രെഡിറ്റേഴ്സ് സമിതിയുടെ പ്രത്യേക എസ്ക്രോ അക്കൗണ്ടിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബിസിസിഐക്ക് നിര്‍ദേശം നല്‍കി. നിലവിലെ എസ്ക്രോ അക്കൗണ്ടില്‍ പണം സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭ്യര്‍ഥിച്ചതോടെയാണ് ഇത് ക്രെഡിറ്റേഴ്സ് കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് നീക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് ജെ.ബി.പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.
പണം പിന്‍വലിക്കുന്നതിനായി ഔദ്യോഗികമായി അപേക്ഷകളൊന്നും നല്‍കിയിട്ടില്ലെന്നും നേരിട്ട് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ബൈജൂസിനെതിരായ പാപ്പരാക്കല്‍ നടപടികള്‍ അവസാനിപ്പിച്ച് ഓഗസ്റ്റില്‍ ട്രൈബ്യൂണല്‍ പുറത്തിറക്കിയ വിധി കടുത്ത സാമ്പത്തിക ബാധ്യതയില്‍പ്പെട്ട കമ്പനിക്ക് താല്‍കാലികാശ്വാസം നല്‍കിയിരുന്നു. ഇത് റദ്ദാക്കുന്നതാണ് സുപ്രീംകോടതി വിധി.