ആ പ്രതീക്ഷയും അവസാനിച്ചു. ബോര്‍ഡര്‍ –ഗവാസ്കര്‍ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി കളിക്കില്ലെന്ന് ബിസിസിഐ. ഷമി ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നും പരുക്ക് ഭേദമാകാനുണ്ടെന്നുമാണ് ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം. 2023 നവംബറിലെ ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. വലത്തേ കണങ്കാലിന് പരുക്കേറ്റ താരം ദീര്‍ഘകാലമായി കളിക്കളത്തിന് പുറത്തായിരുന്നു.
കഴിഞ്ഞ മാസം രഞ്ജിയില്‍ ബംഗാളിനായി കളിക്കാനിറങ്ങിയ ഷമി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. രഞ്ജിക്ക് പിന്നാലെ സഈദ് മുഷ്താഖ് അലി ട്രോഫിയിലും ബംഗാളിനായി ഷമി കളിച്ചു. വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിലും ഷമിയുണ്ട്. എന്നാല്‍ ശനിയാഴ്ച ഡല്‍ഹിക്കെതിരെ നടന്ന മല്‍സരത്തില്‍ താരം ഇറങ്ങിയിരുന്നില്ല.
ഓസീസിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ ബോളിങ് ദൗര്‍ബല്യം പ്രകടമാണെന്നും ഷമിയെ ടീമിലേക്ക് തിരിച്ച് വിളിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഷമി തിരിച്ചെത്തിയേക്കുമെന്ന സൂചനകള്‍ ബുംറ നല്‍കിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിതാവട്ടെ ഇക്കാര്യത്തില്‍ ഒരുറപ്പും പറഞ്ഞിരുന്നുമില്ല. റിസ്കെടുക്കാന്‍ തയ്യാറല്ലെന്നും ഷമി പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കട്ടെ എന്നുമായിരുന്നു ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് രോഹിതിന്‍റെ മറുപടി. ഷമിക്കായുള്ള മുറവിളി ശക്തമായതോടെ ബ്രിസ്ബെയ്ന്‍ ടെസ്റ്റിന് പിന്നാലെ ഷമിയുടെ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വ്യക്തത വേണമെന്ന് രോഹിത് എന്‍സിഎയിലെ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്.
സഈദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഷമിയുടെ കാല്‍മുട്ടില്‍ നീര് വച്ചുവെന്നും അത് മാറിയിട്ടില്ലെന്നും വിദഗ്ധ മേല്‍നോട്ടത്തിലാണെന്നുമാണ് വിശദീകരണം. 'നിലവിലെ വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഷമിയുടെ മുട്ടിന് കൂടുതല്‍ വിശ്രമവും പരിചരണവും ആവശ്യമാണെന്നും ഈ സാഹചര്യത്തില്‍ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കായുള്ള പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കായി പരിഗണിക്കാനാവില്ലെന്നുമാണ് ബിസിസിഐ പ്രസ്താവനയില്‍ പറയുന്നത്. മുട്ടിന്‍റെ പുരോഗതിക്കനുസരിച്ച് മാത്രമേ ഷമി വിജയ് ഹസാരെ ട്രോഫിയില്‍ ഇറങ്ങൂവെന്നും പ്രസ്താവനയില്‍ പറയുന്നു. ബിസിസിഐയുടെ മെഡിക്കല്‍ ടീം ഷമിയെ പരിചരിച്ച് വരികയാണ്. ഉപ്പൂറ്റിയുടെ പരുക്കില്‍ നിന്ന് താരം പൂര്‍ണമായും മോചിതനായിട്ടുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.
ടീമിലേക്ക് മടങ്ങിയെത്തുന്നതിനായി കടുത്ത പരിശീലനത്തിലും പരിശ്രമത്തിലുമായിരുന്നു ഷമി. 64 ടെസ്റ്റുകളില്‍ നിന്നായി 229 വിക്കറ്റുകളും 101 ഏകദിനങ്ങളില്‍ നിന്ന് 195 ഉം 23 ട്വന്‍റി20കളില്‍ നിന്നായി 24 വിക്കറ്റുമാണ് ഷമിയുടെ സമ്പാദ്യം.