പ്രമുഖ എജ്യൂ–ടെക് കമ്പനി ബൈജൂസും ബിസിസിഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ ചോദ്യം ചെയ്ത് ബൈജൂസിന് പണം കടം നല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്. ബൈജൂസ് ബിസിസിഐയ്ക്ക് 158 കോടി രൂപ നല്‍കിയത് ചോദ്യംചെയ്ത് അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബൈജൂസ്–ബിസിസിഐ ഒത്തുതീര്‍പ്പ് അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെയാണ് ഹര്‍ജി.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി.പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഗ്ലാസ് ട്രസ്റ്റിന്‍റെ ഹര്‍ജി പരിഗണിച്ചത്. കമ്പനി ലോ ട്രൈബ്യൂണലിലെ നടപടികളിലും ഉത്തരവിന്‍റെ സാധുതയിലും വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ബൈജൂസ് ബിസിസിഐയ്ക്ക് നല്‍കിയ 158 കോടി രൂപ കോടതി നിര്‍ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു

മറ്റ് കടക്കാര്‍ക്ക് 15000 കോടി രൂപയോളം നല്‍കാനുള്ളപ്പോള്‍ ബൈജൂസ് ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീര്‍ത്തതിന്‍റെ കാരണം കോടതി ആരാഞ്ഞു. ഇത്തരമൊരു ഇടപാടിന് കമ്പനി ലോ ട്രൈബ്യൂണല്‍ എങ്ങനെ അംഗീകാരം കൊടുത്തുവെന്നും കോടതി ചോദിച്ചു. വിഷയം വീണ്ടും ട്രൈബ്യൂലിന്‍റെ പരിഗണനയ്ക്കുവിടുന്ന കാര്യവും കോടതി ആലോചിച്ചിരുന്നു. ഓഗസ്റ്റ് 14നാണ് ട്രൈബ്യൂണല്‍ ബൈജൂസ്–ബിസിസിഐ ഒത്തുതീര്‍പ്പ് അംഗീകരിച്ചത്.

ENGLISH SUMMARY:

The Supreme Court is scheduled to pronounce its verdict in an appeal filed by U.S.-based creditor Glas Trust Company LLC against a judgment of the National Company Law Appellate Tribunal (NCLAT) allowing Byju’s to pay a settlement amount of Rs158 Cr to the BCCI