ലൈറ്റ് മോട്ടോര്‍ വൈഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്ക് 7500 കിലോ വരെ ഭാരമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച 2017ലെ രണ്ടംഗബെഞ്ചിന്‍റെ വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് ശരിവച്ചു. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉള്ളവര്‍ ഈ ഭാരപരിധിയിലുള്ള വാഹനങ്ങള്‍ ഓടിച്ചതുകൊണ്ട് അപകടങ്ങള്‍ വര്‍ധിച്ചതിന് തെളിവില്ലെന്ന് 126 പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. 

ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍ ആയാലും നോണ്‍–ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍ ആയാലും അടിസ്ഥാന ‍ഡ്രൈവിങ് കഴിവുകള്‍ ഒന്നുതന്നെയായിരിക്കുമെന്ന് വിധിയില്‍ പറയുന്നു. എല്‍എംവി ലൈസന്‍സ് ഉള്ളവര്‍ക്ക് മറ്റ് വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കുന്നത് ഒട്ടേറെപ്പേരുടെ ജീവനോപാധി സംരക്ഷിക്കാന്‍ സഹായിക്കും. ഈ അനുമതി പ്രയോജനപ്പെടുത്തുന്നവര്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ മാത്രമേ വാഹനമോടിക്കാവൂ എന്നും അഞ്ചംഗബെഞ്ച് നിര്‍ദേശിച്ചു.

വിധിയുടെ സംക്ഷിപ്തം

  1. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് 7500 കിലോ വരെ ഭാരമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാം. ഇതിനായി മോട്ടോര്‍ വാഹനനിയമം അനുശാസിക്കുന്ന അധിക അംഗീകാരങ്ങള്‍/ഓതറൈസേഷന്‍ ആവശ്യമില്ല. എന്നാല്‍ ഇ–കാര്‍ട്ട്, ഇ–റിക്ഷ, അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നതിന് നിയമം നിര്‍ദേശിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം.
  2. മോട്ടോര്‍വാഹനനിയമത്തില്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിന് നിഷ്കര്‍ഷിക്കുന്ന പ്രത്യേക വ്യവസ്ഥകള്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് നല്‍കിയിട്ടുള്ള നിര്‍വചനത്തിന് മുകളിലല്ല.
  3. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിന് മോട്ടോര്‍ വാഹനനിയമത്തില്‍ നിര്‍ദേശിക്കുന്ന പ്രത്യേക വ്യവസ്തകള്‍ 7500 കിലോയ്ക്ക് മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ. മീഡിയം ഗുഡ്സ് വെഹിക്കിള്‍, മീഡിയം പാസഞ്ചര്‍ വെഹിക്കിള്‍, ഹെവി ഗുഡ്സ് വെഹിക്കിള്‍, ഹെവി പാസഞ്ചര്‍ വെഹിക്കിള്‍ എന്നീ വിഭാഗങ്ങളിലുള്ള വാഹനങ്ങളാണ് ഈ ഭാരപരിധിക്ക് മുകളില്‍ വരുന്നത്. 
  4. മോട്ടോര്‍ വാഹനനിയമത്തിലെ ചില വകുപ്പുകളോ വ്യവസ്ഥകളോ പരിഗണിച്ചില്ലെന്നത് 2017ലെ മുകുന്ദ് ദേവാംഗന്‍ കേസിലെ വിധിയെ ബാധിക്കുന്നില്ല. ഈ വിശദീകരണങ്ങളോടെ 2017ലെ വിധിന്യായം ശരിവയ്ക്കുന്നു. 

ചീഫ് ജസ്റ്റിസ് ഡോ. ഡി.വൈ.ചന്ദ്രചൂഢ്, ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. 2017ല്‍ മുകുന്ദ് ദേവാംഗനും ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള കേസില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചായിരുന്നു വിധി പറഞ്ഞത്.

ENGLISH SUMMARY:

The Supreme Court of India has ruled that holders of a Light Motor Vehicle (LMV) license are allowed to drive transport vehicles weighing up to 7,500 kg without needing additional authorization. This decision upholds a 2017 ruling by clarifying that the basic driving skills required for LMV licenses are sufficient for such transport vehicles. However, specific qualifications are still required for driving e-rickshaws, e-carts, and vehicles carrying hazardous materials. The five-judge bench emphasized that this ruling protects many livelihoods while urging drivers to operate these vehicles responsibly.