• ‘കുറ്റമാരോപിച്ച് സ്വത്ത് നശിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം’
  • 'നിയമം കൈയിലെടുത്താല്‍ സര്‍ക്കാരും കുറ്റക്കാര്‍'
  • 'നിയമവാഴ്ചയും പൗരാവകാശ സംരക്ഷണവും ഉത്തരവാദിത്തം'

ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. വീട് പൊളിച്ച് ശിക്ഷ നടപ്പാക്കാനാവില്ല. ഭരണകൂടത്തിന് ജഡ്ജിയാകാനുമാവില്ലെന്ന് പറഞ്ഞ കോടതി, കുറ്റമാരോപിച്ച് ഒരാളുടെ സ്വത്ത് നശിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി. നിയമം കൈയിലെടുത്താല്‍ സര്‍ക്കാരും കുറ്റക്കാരാകുമെന്നും കോടതി പറഞ്ഞു.

15 ദിവസം മുന്‍പ് ഉടമസ്ഥന് നോട്ടിസ് നല്‍കിയിരിക്കണമെന്നും നിയമങ്ങള്‍ കൃത്യമായി പാലിച്ച് മാത്രമേ പൊളിക്കല്‍ നടപടികള്‍ തുടങ്ങാവൂവെന്നും സുപ്രീംകോടതി  പറഞ്ഞു. ഉടമസ്ഥന് നല്‍കുന്ന നോട്ടിസില്‍ കൃത്യമായി അനധികൃത നിര്‍മാണമെന്തെന്നും, എവിടെയാണ് നിയമം ലംഘിച്ചതെന്നും രേഖപ്പെടുത്തിയിരിക്കണം. കെട്ടിടം പൊളിച്ച് നീക്കുന്നത് പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിക്കണം. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചാല്‍ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്നും ഉത്തരവ് മുന്നറിയിപ്പ് നല്‍കി. നിയമം പാലിക്കാതെ കെട്ടിടങ്ങള്‍ പൊളിച്ചാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുന്നതിന് പുറമെ നഷ്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നല്‍കേണ്ടി വരുമെന്നും കോടതി പറഞ്ഞു. 

നിയമവാഴ്ചയും പൗരാവകാശവും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നീതിപീഠത്തിനുണ്ട്. നിയമം കൈയിലെടുത്തുള്ള കെട്ടിടം പൊളിക്കലുകള്‍ നിയമവാഴ്ചയുടെ സത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ഭരണഘടനാ ജനാധിപത്യം ഉറപ്പുവരുത്തുന്നതില്‍ പൗരാവകാശ സംരക്ഷണം പ്രാമുഖ്യമേറിയതാണെന്നും ജസ്റ്റിസുമാരായ ബി.ആര്‍ ഗവായിയും കെ.വി വിശ്വനാഥനുമടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. 

ന്യായാധിപന്‍റെ അധികാരം ഭരണകൂടത്തിന് കയ്യിലെടുക്കാനാവില്ല. വീടുള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ നിയമപ്രക്രിയ പാലിക്കാതെ പൊളിച്ച് നീക്കുന്നത് നിയമവാഴ്ചയ്ക്ക് തന്നെ എതിരാണ്. നിയമം പാലിക്കാതെ കുറ്റാരോപിതനെതിരെ പോലും നടപടി സ്വീകരിക്കാന്‍ ഭരണകൂടത്തിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. പൊളിക്കല്‍ സംബന്ധിച്ച പരാതികള്‍ അതത് ജില്ലാ ജഡ്ജിമാരാണ് കൈകാര്യം ചെയ്യേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. വീട് കെട്ടിപ്പടുക്കുകയെന്നത് കേവലമൊരു നിര്‍മാണ പ്രവൃത്തി മാത്രമല്ല, വര്‍ഷങ്ങളുടെ പ്രയത്നമാണെന്നും വ്യക്തിയുടെ അന്തസും അഭിമാനവും കൂടിയാണ് അത് പൊളിച്ചുകളയുമ്പോള്‍ ഇല്ലാതാകുന്നതെന്നും കോടതി പറഞ്ഞു. മറ്റ് നിര്‍വാഹമില്ലെന്ന ഘട്ടത്തില്‍ മാത്രമേ അത്തരം നടപടികളെ കുറിച്ച് ആലോചിക്കാവൂവെന്നും ബെഞ്ച് വിശദീകരിച്ചു. 

ENGLISH SUMMARY:

The executive cannot demolish the houses or properties of individuals solely on the grounds that they are accused or convicted of a crime, says the Supreme Court. The Supreme Court directed that no demolition should be carried out without a prior 15-day notice to the property owner