വിദേശ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്ത വാഹനം ഇന്ത്യയിലെ ഉടമയില്‍നിന്ന് വാങ്ങുന്നയാള്‍ കസ്റ്റംസ് തീരുവ അടയ്ക്കണോ? വിദേശ നിര്‍മിത ആഡംബര വാഹനങ്ങളും വിന്‍റേജ് വാഹനങ്ങളും വാങ്ങാന്‍ ആഗ്രഹിക്കുന്ന വാഹനപ്രേമികളുടെ ആശങ്കയ്ക്ക് വിരാമം. സുപ്രീം കോടതിതന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നു. കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത 'പോര്‍ഷേ' കാറുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രധാന ഉത്തരവ്.
വാഹനം ഇറക്കുമതി ചെയ്യുന്നയാളാണ് കസ്റ്റംസ് തീരുവ അടയ്‌ക്കേണ്ടത്. ഇറക്കുമതി ചെയ്ത കാർ പിന്നീട് വാങ്ങുന്നയാളെ 'ഇറക്കുമതിക്കാരൻ' (importer) എന്ന നിര്‍വചനത്തിലുള്‍പ്പെടുത്താനാകില്ല, അയാളില്‍നിന്ന് കസ്റ്റംസ് തീരുവ ആവശ്യപ്പെടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തീരുവ ആവശ്യപ്പെട്ട കൊച്ചിയിലെ കസ്റ്റ്ംസ് കമ്മിഷണറുടെ നോട്ടീസ് ശരിവെച്ച കേരള ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.വി.നാഗരത്നയും എൻ.കോടീശ്വർ സിങുമടങ്ങുന്ന ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ്.
ഇറക്കുമതി ചെയ്ത 'പോര്‍ഷേ കരേര' കാര്‍ രണ്ടാമത്തെ ഉടമയില്‍നിന്ന് വാങ്ങിയ ഹാരന്‍ ചോസ്കിക്ക് 17,92,847 രൂപ കസ്റ്റംസ് തീരുവ ആവശ്യപ്പെട്ടാണ് 2007ല്‍ കൊച്ചി കസ്റ്റംസിന്‍റെ നോട്ടീസ് ലഭിച്ചത്. കസ്റ്റംസ് തീരുവ ഒഴിവാക്കാനായി കാറിന്‍റെ വിലകുറച്ചു കാണിച്ചു,
നിര്‍മിച്ച വര്‍ഷം തെറ്റായി രേഖപ്പെടുത്തി, ഷാസി നമ്പർ തിരുത്തി തുടങ്ങിയ ആരോപണങ്ങളും നോട്ടീസിലുണ്ടായിരുന്നു. നോട്ടീസ് ഹൈക്കോടതി ശരിവച്ചത് ചോദ്യംചെയ്താണ് ഹാരന്‍ ചോസ്കി സുപ്രീം കോടതിയെ സമീപിച്ചത്.
പിഴയീടാക്കി കണ്ടുകെട്ടിയ കാർ തിരികെ ലഭിക്കണമെങ്കില്‍ കാറിന്‍റെ നിലവിലെ ഉടമ കസ്റ്റംസ് തീരുവ അടയ്ക്കണം എന്നായിരുന്നു കസ്റ്റംസിന്‍റെ വാദം. കസ്റ്റംസ് നിയമത്തിലെ 125–ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു കസ്റ്റംസിന്‍റെ ന്യായീകരണം. വാഹനം ഇറക്കുമതി ചെയ്തതും വാങ്ങിയതും താനല്ലെന്ന് ഹര്‍ജിക്കാരനും വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. ഹര്‍ജിക്കാരന്‍ കാര്‍ ഇറക്കുമതി ചെയ്യുന്ന പ്രക്രിയയിൽ ഉൾപ്പെട്ടിട്ടില്ല. അതിനാൽ കസ്റ്റംസ് നിയമത്തിന്‍റെ 28-ാം വകുപ്പ് പ്രകാരം കസ്റ്റംസ് തീരുവ ആവശ്യപ്പെടാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. തീരുവ അടയ്ക്കാനുള്ള നോട്ടീസ് മുതല്‍ ഹര്‍ജിക്കാരനെതിരെയുള്ള നടപടികള്‍ നിയമാനുസൃതമല്ലെന്നും കോടതി വ്യക്തമാക്കി.