kerala-high-court-3

ശബരിമലയിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഹൈക്കോടതി വിലക്കേർപ്പെടുത്തി. ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ പ്രീ പെയ്ഡ് ഡോളി സർ‍വീസ് തുടങ്ങിയതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ 11 മണിക്കൂർ പണിമുടക്കിയിരുന്നു. ഈ മിന്നൽ പണിമുടക്കാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ രൂക്ഷവിമർശനത്തിന് കാരണമായത്. ഡോളി ജീവനക്കാർക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അവ മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. 

പലരും ദിവസങ്ങളോ, ആഴ്ചകളോ എടുത്താണ് ശബരിമലയിൽ വരുന്നത്. പ്രായമായവരും നടക്കാൻ വയ്യാത്തവരും രോഗികളുമൊക്കെ ഇങ്ങനെ വരുമ്പോൾ ഡോളി സർവീസ് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു. തീർഥാടകരെ കൊണ്ടു പോകില്ലെന്ന് പറയാനോ ഇറക്കി വിടുന്നതോ അനുവദിക്കാൻ സാധിക്കില്ല. തീർ‍ഥാടകർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. Also Read: ചർച്ച ചെയ്യാമെന്ന് ഉറപ്പ്; ഡോളി സമരം അവസാനിപ്പിച്ച് തൊഴിലാളികൾ

 

ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ സമരമോ പ്രതിഷേധമോ അംഗീകരിക്കാൻ പറ്റില്ല. ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ ചീഫ് പൊലീസ് കോഓർഡിനേറ്ററും ദേവസ്വം ബോർഡും ശ്രദ്ധിക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു. പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങളും സമരങ്ങളും വിലക്കിയ ഹൈക്കോടതി, സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെയാണ് ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:

Kerala high court banned protests in sabaimala