മധ്യപ്രദേശില്‍ വനിതാ സിവിൽ ജഡ്ജിമാരെ പിരിച്ചുവിടുന്നതിന് ഉപയോഗിച്ച മാനദണ്ഡങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ആർത്തവം അനുഭവിച്ചാല്‍ മാത്രമേ പുരുഷന്മാർക്ക് ആ സാഹചര്യം മനസ്സിലാക്കാന്‍ സാധിക്കൂ എന്നും കോടതി പറഞ്ഞു. സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് പിരിച്ചുവിടൽ എന്നു ചൂണ്ടിക്കാട്ടിയാണ് പരാമര്‍ശം.
മധ്യപ്രദേശ് സർക്കാർ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട വിഷയത്തിലെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ശുപാർശയെ തുടർന്ന് 2023 ജൂണിലാണ് സര്‍ക്കാര്‍ വനിതാ സിവിൽ ജഡ്ജിമാരെ പിരിച്ചുവിട്ടത്. ഇവരിൽ രണ്ടുപേരെ ഇനിയും തിരിച്ചെടുത്തിട്ടില്ല. പ്രൊബേഷൻ കാലയളവിലെ പ്രകടനം തൃപ്തികരമല്ലെന്ന കാരണത്താലാണ് പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പിരിച്ചുവിടാന്‍ മധ്യപ്രദേശ് ഹൈക്കോടതി സ്വീകരിച്ച മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. തീർപ്പാക്കുന്ന കേസുകളുടെ എണ്ണം കുറവായതിനാലാണ് ജഡ്ജിമാരെ പിരിച്ചുവിട്ടതെന്നാണ് സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന അഭിഭാഷകൻ പറഞ്ഞത്. പുരുഷന്‍മാര്‍ക്ക് ആർത്തവം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, അപ്പോൾ മാത്രമേ അവർക്ക് മനസ്സിലാകൂ. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ അവരെ പിരിച്ചുവിടുകയല്ല വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
ഗർഭഛിദ്രം മൂലം വനിതാ ജഡ്ജിമാരിലൊരാള്‍ അനുഭവിച്ച ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് പിരിച്ചുവിടൽ എന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി ഡിസംബർ 12ലേക്കു മാറ്റി.