ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഹൈക്കോടതിയുടെ ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന മൃഗ സ്നേഹികളുടെ സംഘടനയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേര്‍ക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന ഇന്ന് ആവശ്യം ഉന്നയിച്ചത്. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സംഘടന നേരത്തെ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കു എന്നും കോടതി നിര്‍ദേശിച്ചു.
ശിവരാത്രിയടക്കമുള്ള ഉത്സവങ്ങൾ വരാനിരിക്കെ അവ തടസപ്പെടുത്താനാണ് സംഘടനയുടെ നീക്കമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കായി ഹാജരായ അഭിഭാഷകൻ എം.ആർ.അഭിലാഷ് വാദിച്ചു. അപ്രായോഗികവും നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തത്. ദേവസ്വങ്ങളുടെ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഹര്‍ജി ഫെബ്രുവരി നാലിന് വീണ്ടും പരിഗണിക്കും.