ഗുരുതരമല്ലാത്ത കേസുകളിൽ അന്വേഷണം പൂർത്തിയായിട്ടും വിചാരണ കോടതികൾ ജാമ്യാപേക്ഷ തള്ളുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു ജനാധിപത്യ രാജ്യത്തെ സംവിധാനങ്ങള്‍ ഏകാധിപത്യ സ്വഭാവത്തില്‍ പ്രവർത്തിക്കരുത്. നിയമ നിർവ്വഹണ ഏജൻസികൾ ആവശ്യമില്ലാതെ വ്യക്തികളെ തടങ്കലിൽ വയ്ക്കാൻ ഏകപക്ഷീയമായ അധികാരങ്ങൾ ഉപയോഗിക്കുന്നുവെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, ചെറിയ കേസുകളിലെ ജാമ്യാപേക്ഷകൾ ഹൈക്കോടതികളിൽ വളരെ അപൂർവമായി മാത്രമേ എത്തിയിരുന്നുള്ളൂ. ഇന്ന് വിചാരണ കോടതിയില്‍ തീർപ്പാക്കേണ്ട കേസുകളില്‍പ്പോലും സുപ്രീം കോടതി ജാമ്യാപേക്ഷകൾ തീർപ്പാക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഒരു ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് ജസ്റ്റിസ് അഭയ്.എസ്.ഓക പറഞ്ഞു.
സുപ്രീം കോടതി ഈ വിഷയം ചൂണ്ടിക്കാണിക്കുന്നത് ഇതാദ്യമല്ല. ചെറിയ നിയമലംഘനങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ ജാമ്യം അനുവദിക്കുന്നതിൽ കൂടുതൽ സുതാര്യമായ സമീപനം സ്വീകരിക്കാൻ വിചാരണ കോടതികളോടും ഹൈക്കോടതികളോടും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി തടങ്കൽ ആവശ്യമില്ലാത്ത കേസുകളില്‍പ്പോലും കീഴ്‌ക്കോടതികൾ ജാമ്യം നിഷേധിക്കുന്നതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രണ്ട് വർഷത്തിലേറെയായി വഞ്ചനാ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ബെഞ്ച് ജാമ്യം അനുവദിച്ചു.