നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി പ്രോസിക്യൂഷൻ. എറണാകുളം കുറുപ്പുംപടി രായമംഗലത്തു ഹോട്ടലിൽ അതിക്രമം കാട്ടിയതിന് സുനിയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തീരുമാനം. സുനിയുടേത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് നൽകും.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി കർശന ജാമ്യ വ്യവസ്ഥകളോടെയാണ് ജയിലിന് പുറത്തിറങ്ങിയത്. ഇന്നലെ രാത്രി 8.30 ന് രായമംഗലത്തെ ഡേവിഡ്‌സ് ലാഡ് ഹോട്ടലിലാണ് സുനി അതിക്രമം കാട്ടിയത്. ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന് ചില്ല് ഗ്ലാസ് നിലത്തു എറിഞ്ഞു ഉടക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആർ. ഭീഷണിപ്പെടുത്തൽ, പൊതു സ്ഥലത്തു പ്രശ്നം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കുറുപ്പുംപടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
രാത്രിയോടെ തന്നെ പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സുനി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന റിപ്പോർട്ട് പൊലീസ് ക്രൈം ബ്രാഞ്ചിന് നൽകിയിട്ടുണ്ട്. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചതോടെയാണ് ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നീക്കം ആരംഭിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും. പൾസർ സുനി സ്ഥിരം കുറ്റവാളി ആണെന്ന റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിക്കും. നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം നൽകിയത്.