File Image
ബലാല്‍സംഗശ്രമക്കേസിൽ വിവാദ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാല്‍സംഗമോ, ബലാല്‍സംഗ ശ്രമമോ ആയി പരിഗണിക്കാനാവില്ലെന്നാണ് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ നിരീക്ഷണം. കുറ്റകൃത്യം ചെയ്യാനുള്ള തയ്യാറെടുപ്പും യഥാർത്ഥ ശ്രമവും തമ്മിൽ വ്യത്യാസമുണ്ടെന്നും 2021ലെ ബലാല്‍സംഗ ശ്രമക്കേസിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേ കോടതി പറഞ്ഞു.
2021ലാണ് കേസിനടിസ്ഥാനമായ സംഭവം നടക്കുന്നത്. പവന്‍, ആകാശ് എന്നീ യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതാണ് കേസ്. കേസിലെ കീഴ്‌ക്കോടതിയുടെ സമൻസിനെ ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ പെണ്‍കുട്ടിയുടെ മാറിടങ്ങളിൽ സ്പര്‍ശിച്ചുവെന്നും അടിവസ്ത്രം അഴിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. വഴിയാത്രക്കാരുടെ ഇടപെടലിനെത്തുടർന്ന് പ്രതികള്‍ പെണ്‍കുട്ടിയെ സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. വഴിയാത്രക്കാര്‍ കേസില്‍ സാക്ഷി പറയാനുമെത്തി.
എന്നാല്‍ പ്രോസിക്യൂഷൻ പറയുന്നത് പ്രകാരം മാറിടങ്ങളില്‍ സ്പര്‍ശിച്ചു, പെണ്‍കുട്ടി ധരിച്ചിരുന്ന പൈജാമയുടെ ചരട് പൊട്ടിച്ച് വസ്ത്രം അഴിക്കാന്‍ ശ്രമിച്ചു എന്നീ വസ്തുതകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമല്ല എന്നാണ് കോടതിയുടെ നിരീക്ഷണം. തയ്യാറെടുപ്പും ഒരു കുറ്റകൃത്യം ചെയ്യാനുള്ള യഥാർത്ഥ ശ്രമവും രണ്ടാണെന്നാണ് കോടതി പറയുന്നത്. ഇതുകൊണ്ടു മാത്രം പ്രതികള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാൻ പദ്ധതിയിട്ടതായി പറയാന്‍ കഴിയില്ലെന്നും മറ്റൊരു പ്രവൃത്തിയും അവരിൽ ആരോപിക്കപ്പെട്ടിട്ടില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.
ആകാശിനെതിരെയുള്ള ആരോപണം പെണ്‍കുട്ടി ധരിച്ചിരുന്ന പൈജാമയുടെ ചരട് പൊട്ടിച്ചുവെന്നതാണ്. പെണ്‍കുട്ടിയെ വസ്ത്രാക്ഷേപം ചെയ്തതായി സാക്ഷികള്‍ പറഞ്ഞിട്ടില്ല. പ്രതി ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും ആരോപണമില്ല എന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. കേസിൽ പ്രതികള്‍ക്കെതിരെ കീഴ്‌ക്കോടതി ചുമത്തിയ കുറ്റങ്ങളിൽ മാറ്റം വരുത്താനും അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.