yashwant-varma

വസതിയില്‍നിന്ന് പണം കണ്ടെത്തിയതില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. ആഭ്യന്തര അന്വേഷണ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച് തുടര്‍നടപടിയുണ്ടാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.  അഭിഭാഷക അസോസിയേഷന്‍റെ എതിര്‍പ്പവഗണിച്ച് ജസ്റ്റിസ് വര്‍മയെ അലഹാബാദിലേക്ക് സ്ഥലം മാറ്റി കേന്ദ്രം വിജ്ഞാപനമിറക്കി.  ജുഡീഷ്യല്‍ സമിതി ജസ്റ്റിസ് വര്‍മയുടെ മൊഴി രേപ്പെടുത്തി.

ഔദ്യോഗിക വസതിയില്‍നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതി ഇടപെടാതെ തീര്‍പ്പാക്കിയത്.  ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്, അന്വേഷണത്തില്‍ കുറ്റം കണ്ടെത്തിയാൽ വിവിധ നടപടികൾക്ക് സാധ്യതയുണ്ട്. റിപ്പോര്‍ട്ടനുസരിച്ച് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് അഭയ്.എസ്.ഓഖ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മലയാളി അഭിഷാകന്‍ മാത്യൂസ് നെടുമ്പാറയാണ് ഹര്‍ജി നല്‍കിയിരുന്നത്.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ മാതൃഹൈക്കോടതിയായ അലഹാബാദിലേക്ക് തിരിച്ചയക്കാനുള്ള സുപ്രീം കോടതി കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. കേന്ദ്രനിയമന്ത്രാലയം സ്ഥലംമാറ്റം വിജ്ഞാപനം പുറപ്പെടുവിച്ചു. കൊളിജീയം രണ്ടുതവണ യോഗം ചേര്‍ന്നാണ് സ്ഥലംമാറ്റത്തിന് ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരത്തിലാണ്.  ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റുമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റ്സിനെ നേരിട്ടുകണ്ടും ആവശ്യം ഉന്നയിച്ചിരുന്നു.

സുപ്രീം കോടതി നിയോഗിച്ച മുന്നംഗ ജുഡീഷ്യല്‍ സമിതി ജസ്റ്റിസ് വര്‍മ്മയുടെ വിശദീകരണം രേഖപ്പെടുത്തി. ഡല്‍ഹിയിലെ ഹരിയാന ഗസ്റ്റ്ഹൗസിലായിരുന്നു മൊഴിയെടുക്കല്‍. പണം കണ്ടെത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് വര്‍മ്മ നേരത്തെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് വിശദീകരിച്ചിരുന്നത്.  

മാര്‍ച്ച് 14-ന് രാത്രി 11.35-നാണ് ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. അലഹാബാദുകാരനായ ജസ്റ്റിസ് വര്‍മ (56) അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാല്‍, അഗ്നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പിന്നീട് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ENGLISH SUMMARY:

Delhi High Court judge Justice Yashwant Verma has been transferred to the Allahabad High Court following the discovery of large sums of money at his residence. The transfer was approved by the central government based on a recommendation from the Supreme Court collegium. Protests have emerged from the Bar Associations, demanding impeachment proceedings against the judge.