വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും കുരുത്തോല പ്രദക്ഷിണം നടത്തും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം.
ഓശാനാ ശുശ്രൂഷകൾക്ക് തുടക്കമിട്ട് ഓസ്‌ട്രേലിയയിലെ ക്രൈസ്തവ ദേവാലയങ്ങളും. ഓസ്‌ട്രേലിയൻ പ്രവാസി മലയാളികളുടെ ദേവാലയങ്ങളിലും ശുശ്രൂഷകൾ നടക്കുന്നുണ്ട്.
ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് കുന്നംകുളം ഭദ്രാസന മെത്രാപോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ് നേതൃത്വം നൽകി. കുരുത്തോല വാഴ്‌വും തുടർന്ന് നടന്ന കുരുത്തോല ഏന്തിയുള്ള പ്രദക്ഷിണത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. ഒരേസമയം ഇംഗ്ളീഷിലും മലയാളത്തിലും പ്രാർത്ഥന ക്രമീകരിച്ചാണ് മെത്രാപോലീത്താ ശുശ്രൂഷകൾ പൂർത്തീകരിച്ചത്.