മഹാരാഷ്ട്രയിലെ അവസാന ലാപ്പ് പ്രചാരണത്തില്‍ അയോധ്യവിഷയം ചര്‍ച്ചയാക്കി യോഗി ആദിത്യനാഥ്. അധികാരത്തില്‍ എത്തിയാല്‍ രാമക്ഷേത്രം ശുദ്ധീകരിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ അയോധ്യയില്‍ കാലുകുത്തിക്കില്ലെന്ന് യോഗി. ക്ഷേത്രം തകര്‍ക്കുമെന്ന പേരില്‍ നടത്തുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയം ബിജെപിക്കാണ് ചേരുകയെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തിരിച്ചടിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന മോദിയുടെ പരാമര്‍ശത്തിന് പിന്നാലെ അയോധ്യ വിഷയം വീണ്ടും ചര്‍ച്ചയാക്കുകയാണ് ബിജെപി. രാമഭക്തരും രാമവിരോധികളും തമ്മിലാണ് തിരഞ്ഞ​ടുപ്പ് പോരാട്ടമെന്ന് യോഗി ആദിത്യനാഥ്. മഹാരാഷ്ട്രയിലെ ധുളെയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പഠോളെയുടെ പരാമര്‍ശം യോഗി ആയുധമാക്കി. അധികാരം കിട്ടിയാല്‍ രാമക്ഷേത്രം ശുദ്ധീകരിക്കുമെന്ന് ചിലര്‍ പറയുന്നു. ഇവരെ യു.പിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് യോഗി

വിഷയത്തില്‍ പ്രതികരണം കടുപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. എല്ലാം തകര്‍ത്തുകളയുന്ന ബുള്‍ഡോസര്‍ സംസ്കാരം ബിജെപിയുടേതാണെന്നും അത് കോണ്‍ഗ്രസിന്‍റെമേല്‍ ചാരാന്‍ ശ്രമിക്കേണ്ടെന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. അയോധ്യയെ മുന്‍നിര്‍ത്തി മോദിയും ബിജെപിയും നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും വിമര്‍ശനം

‌‌അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മുംബൈ റീജിയന്‍ ഉള്‍പ്പെടെ 13 മണ്ഡലങ്ങളിലും പ്രചാരണം ശക്തമാക്കുകയാണ് ഇരുമുന്നണികളും. മോദിയുടെ റോഡ് ഷോകളും റാലികളും നടത്തി മഹായുതിയും അരവിന്ദ് കേജ്രിവാളിനെ എത്തിച്ച് മഹാവികാസ് അഘാഡിയും അവസാനലാപ്പില്‍ കാര്യങ്ങള്‍ വേഗത്തിലാക്കുന്നു.