delhi-water-election

ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് ഹരിയാനയിലെ ബിജെപി സർക്കാർ ഡൽഹിയുടെ കുടിവെള്ളം മുട്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ആം ആദ്‌മി പാർട്ടി. യമുനയിലെ ജലനിരപ്പ് 671 അടിയായി കുറഞ്ഞതോടെയാണ് ഡൽഹി സർക്കാർ ഹരിയാനയ്ക്കെതിരെ രംഗത്തുവന്നത്. ഹത്നികുണ്ഡ് ബാരേജ് വഴി ഹരിയാന മതിയായ അളവിൽ വെള്ളം തുറന്നുവിടുന്നില്ല എന്നാണ് ആരോപണം. 

 

ഡൽഹിയും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും കടുത്ത ചൂടിൽ വലയുമ്പോഴാണ് ജലവകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി അതിഷിയുടെ ആരോപണം. ആം ആദ്മി പാർട്ടി ഡൽഹിയിൽ 20,000 ലീറ്റർ വെള്ളം സൗജന്യമായി വിതരണം ചെയ്യുന്നു. അത് മുടക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അതിഷി. യമുന നദിയിലെ വെള്ളം ഡൽഹിയിലേക്ക് ഒഴുകിയെത്തുന്നില്ല. വസീറാബാദ് ജലശുദ്ധീകരണ പ്ലാന്റിന് സമീപം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് ജലനിരപ്പെന്നും അതിഷി പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ കുടിവെള്ളം വിതരണം ചെയ്യാത്തവരായി ആം ആദ്മി പാർട്ടിയെ ചിത്രീകരിക്കാൻ ശ്രമമെന്നും ആരോപണം. 

എത്ര കടുത്ത വേനൽക്കാലത്തും ഡൽഹിയിൽ യമുനയിലെ ജലനിരപ്പ്‌ 672 അടിയായി നിൽക്കാറുണ്ട്. എന്നാൽ ഇത്തവണ ചൂട് കൂടുന്നതിന് മുൻപ് തന്നെ ജലനിരപ്പ്‌ 671 അടിയായി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്.  കഴിഞ്ഞവർഷം ജൂലൈയിൽ ഡൽഹിയിൽ വെള്ളപ്പൊക്കമുണ്ടായപ്പോഴും ആം ആദ്മി പാർട്ടി പഴിച്ചത് ഹരിയാനയെയാണ്. ഇപ്പോൾ ജലനിരപ്പ് കുറയുമ്പോഴും പഴി ഹരിയാനയ്ക്ക്‌. 

ഈ കാണുന്ന യമുന നദിയിൽ ജലനിരപ്പ്‌ കുറഞ്ഞുവെന്നത് യാഥാർഥ്യമാണ്. ഹരിയാനയിൽനിന്ന് ഡൽഹിയിലേക്ക് വെള്ളമെത്തുന്നത് ഹത്നികുണ്ഡ് ബാരേജ് വഴിയാണ്. ഈ ബാരേജ് നിയന്ത്രിക്കുന്നത് ഹരിയാന ആയതുകൊണ്ടാണ് അവർ പഴി കേൾക്കേണ്ടി വരുന്നത്. 

ഹരിയാന സർക്കാരോ ബിജെപിയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജലനിരപ്പ് ഇനിയും കുറഞ്ഞാൽ സുപ്രീംകോടതി വരെ പോകുമെന്നും ഡൽഹി മന്ത്രി അതിഷി പറയുന്നു.

ENGLISH SUMMARY:

BJP government is trying to tap drinking water of Delhi