എല്ലാ കച്ചിതുരുമ്പും ഫലപ്രദമായി ഉപയോഗിച്ചാണ് ഡൽഹിയിൽ എ.എ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. നിലവിലെ ആയുധം അൺബ്രേക്കബിൾ എന്ന ഡോക്യുമെന്‍ററിയാണ്. ഡൽഹി തിരഞ്ഞെടുപ്പിൽ എ.എ.പി പിന്തുണ വർധിപ്പിക്കാൻ അൺബ്രേക്കബിളിനാകുമോ?
യുടൂബർ ധ്രുവ് റാഠി തന്‍റെ അക്കൗണ്ടിൽ ചെറിയൊരു ആമുഖത്തോടുകൂടിയാണ് അൺബ്രേക്കബിൾ അപ്‌ലോഡ് ചെയ്തത്. ഇതിൽ സർക്കാർ രാജ്യത്ത് പ്രദർശനം വിലക്കിയ ബിബിസി ഡോക്യുമെന്‍ററിയും പഞ്ചാബ് 95 എന്ന സിനിമയും അമിത പ്രോത്സാഹനം നൽകിയ കേരള സ്റ്റോറിയും സബർമതി റിപ്പോർട്ടും സൂചിപ്പിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷം ആം ആദ്മി പാർട്ടി കടന്നുപോയ പ്രതിസന്ധികളാണ് ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം. മദ്യ നയ അഴിമതി ആരോപണവും പിന്നീട് നടന്ന തുടർച്ചയായ അറസ്റ്റുകളും വിവരിക്കുന്നു. അറസ്റ്റിലായ നേതാക്കളുടെ ഭാര്യമാരുടെ സഹനം പ്രത്യേകം ഉൾപെടുത്തിയിട്ടുണ്ട്. പുതുതായി ഒന്നും ഡോക്യുമെന്‍ററിയിൽ ഇല്ലെങ്കിലും ഇരവാദം ശക്തം.