മോദി മിര്‍സാപൂരിലെ റാലിയില്‍ സംസാരിക്കുന്നു

ജീവിതത്തില്‍ അനുഭവിച്ച കഷ്ടതകള്‍ തുറന്നുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കപ്പും പ്ലേറ്റും കഴുകിയും ചായ വിളമ്പിയുമാണ് താന്‍ വളര്‍ന്നതെന്ന് മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റും കഴുകിയും ചായ വിളമ്പിയുമാണ് ഞാൻ വളർന്നത്. മോദിയും ചായയും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്. രാജ്യത്തെ പിന്നാക്കവിഭാഗക്കാർക്കും ദലിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ് തന്‍റെ ജീവിതം' എന്നായിരുന്നു മോദിയുടെ വാക്കുകള്‍. അതേസമയം ഇന്ത്യാ സഖ്യത്തെയും സമാജ്​വാദി പാര്‍ട്ടിയെയും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു.

'ആരും തന്നെ സമാജ്​വാദി പാര്‍ട്ടിക്ക് വേണ്ടി വോട്ട് പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല. മുങ്ങിത്താഴുന്ന ഒരാള്‍ക്ക് ആരും തന്നെ വോട്ട് ചെയ്യില്ല. സര്‍ക്കാര്‍ രൂപികരിക്കും എന്നുറപ്പുളളവര്‍ക്ക് മാത്രമേ സാധാരണക്കാരന്‍ വോട്ട് ചെയ്യു. ഇന്ത്യാ സഖ്യത്തെ രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം. ഈ ആളുകൾ അങ്ങേയറ്റം വർഗീയവാദികളാണ്. തീവ്ര ജാതീയതയെ പിന്തുണയ്‌ക്കുന്നവരുമാണവർ. എന്നെങ്കിലും അവര്‍ സര്‍ക്കാര്‍ രൂപികരിച്ചാല്‍ അവരുടെ തീരുമാനങ്ങളും ഇതിനെ അടിസ്ഥാനമാക്കിയാകുമെന്നും' പ്രധാനമന്ത്രി പറഞ്ഞു.

'യാദവ് വിഭാഗത്തില്‍ കഴിവുളള നിരവധിയാളുകള്‍ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നത് സ്വന്തം കുടുംബാംഗങ്ങൾക്ക് മാത്രമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പിടിക്കപ്പെടുന്ന തീവ്രവാദികളെ പോലും ഈ സമാജ്​വാദി പാര്‍ട്ടിക്കാർ വിട്ടയച്ചു. ഇക്കാര്യത്തില്‍ വിമുഖത കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ സമാജ്​വാദി സർക്കാർ സസ്‌പെൻഡ് ചെയ്യുമായിരുന്നു. അവര്‍ യുപിയും പൂർവാഞ്ചലും മാഫിയയുടെ വിഹാരകേന്ദ്രമാക്കി മാറ്റി. ജീവനായാലും ഭൂമിയായാലും, സമാജ്​വാദി സര്‍ക്കാര്‍ അത് എപ്പോൾ തട്ടിയെടുക്കുമെന്ന് ആർക്കും അറിയില്ലെന്നും' മോദി പറഞ്ഞു.

സ്വച്ഛതാ അഭിയാന്‍ വളരെ ബുദ്ധിപൂര്‍വമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ട് കൊണ്ടുപോകുന്നത്. സമാജ്​വാദി സർക്കാരിന്‍റെ കാരുണ്യത്തിലായിരുന്നു പൊതുസമൂഹം എന്നാൽ ഇപ്പോൾ ബിജെപി സർക്കാരിനെ കണ്ട് മാഫിയ വിറയ്ക്കുകയാണ്. ഇന്ത്യ സഖ്യം ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് പാവനമായ നമ്മുടെ ഭരണഘടനയെ ആണ്. എസ് സി, എസ്ടി ഒബിസി സംവരണത്തെ കൊളളയടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. സമാജ്​വാദി പാർട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2012ല്‍ പുറത്തിറക്കിയ പ്രകടന പത്രികയിൽ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നതായി മോദി ചൂണ്ടിക്കാട്ടി. 

ദലിതർക്കും പിന്നാക്കക്കാർക്കും സംവരണം ലഭിച്ചതുപോലെ മുസ്​ലിംകള്‍ക്കും സംവരണം നൽകുമെന്ന് എസ്പി പ്രകടനപത്രികയിൽ പറഞ്ഞിരുന്നതായും മോദി ആരോപിച്ചു. മുസ്​ലിം സംവരണം ഉറപ്പാക്കാന്‍ ഭരണഘടന വരെ മാറ്റുമെന്ന് സമാജ്​വാദി പാര്‍ട്ടി പറഞ്ഞതായും മോദി ആരോപിച്ചു. 15 ശതമാനം സംവരണം മുസ്​ലിംകള്‍ക്ക് പൊലീസിലും പ്രാദേശിക സുരക്ഷാ സേനയിലും കൊണ്ടുവരുമെന്നും സമാജ്​വാദി പാര്‍ട്ടി വാഗ്ദാനം ചെയ്തെന്നും എന്നാല്‍ വോട്ടുബാങ്കിനായി പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ഇക്കൂട്ടര്‍ കവര്‍ന്നെടുക്കാനാണ് ശ്രമിക്കുന്നതെന്നും മോദി മിര്‍സാപൂരില്‍ പറഞ്ഞു. 

ENGLISH SUMMARY:

'Grew Up Washing Cups And Plates As A Child': says PM Modi