TOPICS COVERED

ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോള്‍ മുന്നണികളുടെ സീറ്റെണ്ണം ഒപ്പത്തിനൊപ്പമെത്തിയാല്‍ നിര്‍ണായകമാവുക ചെറുസംസ്ഥാനങ്ങളിലെ സീറ്റെണ്ണമാകും. നാല് സീറ്റുള്ള ഹിമാചലും കേവലം ഒരു സീറ്റ് മാത്രമുള്ള സിക്കിം, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ഫലവും, പ്രധാനപ്പെട്ടതാകും. വടക്കുകിഴക്ക് എന്നും ഭരണമുന്നണിയോട് ചായ്‌വ് പുലര്‍ത്തുന്നതാണ് ചരിത്രം. 

പഞ്ചാബിലെ 13 സീറ്റുകള്‍. ഹരിയാനയിലെ 10. ജമ്മു കശ്മീരിലെ അഞ്ച് സീറ്റും ലഡാക്കിലെ ഒരു സീറ്റും, ഹിമാചല്‍ പ്രദേശിലെ നാല് സീറ്റ്. എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി ആകെയുള്ള 25 ലോക്സഭ‌ സീറ്റുകള്‍. 11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി ആകെയുള്ള 58 സീറ്റുകള്‍. വോട്ടെണ്ണുമ്പോള്‍ ഓരോ സീറ്റും നിര്‍ണായകമാകുന്ന അവസ്ഥ വന്നാല്‍, ഏവരും ഉറ്റുനോക്കുക ഈ കുഞ്ഞന്‍ സംസ്ഥാനങ്ങളെയാകും. സഖ്യമില്ലെങ്കിലും ആപ്പ് ജയിച്ചാലും കോണ്‍ഗ്രസ് ജയിച്ചാലും ഇന്ത്യ സഖ്യത്തിന്‍റെ അക്കൗണ്ടിലാകും പഞ്ചാബിലെ സീറ്റെണ്ണം വരുക. എങ്കിലും ശിരോമണി അകാലി ദളും കര്‍ഷക പ്രക്ഷോഭത്തിനിടെയും ബിജെപിയും ശക്തമായ പോരാട്ടം സംസ്ഥാനത്ത് കാഴ്ച്ചു. ഹരിയാനയില്‍ നഷ്ടപ്പെടാനുള്ളത് ബിജെപിക്കാണ്. കഴി‍ഞ്ഞതവണ പത്തില്‍ പത്തും ജയിച്ച സംസ്ഥാനത്ത് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ജമ്മു കശ്മീരിലും ലഡാക്കിലുമായുള്ള ആറ് സീറ്റില്‍ കഴിഞ്ഞതവണത്തെ അതേ അവസ്ഥ ആവര്‍ത്തിച്ചേക്കും. മൂന്ന് സീറ്റ് നാഷനല്‍ കോണ്‍ഫറന്‍സിനും മൂന്ന് സീറ്റ് ബിജെപിക്കും. ഹിമാചലിലെ മണ്ഡിയില്‍ കോണ്‍ഗ്രസും ബിജെപിയും കടുത്ത മല്‍സരത്തില്‍. നിലവില്‍ നാലില്‍ മൂന്ന് സീറ്റും ബിജെപിക്കാണ്. എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായ‌ുള്ള 25 സീറ്റില്‍ 19 സീറ്റ് നേടിയ എന്‍ഡിഎ ഇത്തവണ 22 സീറ്റ് ലക്ഷ്യമിടുന്നു. അസമാണ് ശ്രദ്ധാകേന്ദ്രം. 14 സീറ്റില്‍ കഴിഞ്ഞതവണ ബിജെപി ഒന്‍പത് സീറ്റ് നേടി. മറ്റ് സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം പ്രാദേശിക പാര്‍ട്ടികളും എന്‍ഡിഎയ്ക്കൊപ്പം. ഇഞ്ചോടിഞ്ചാല്‍ തുടര്‍ഭരണം ലക്ഷ്യമിടുന്ന ബിജെപിക്ക് ഈ സീറ്റുകള്‍ നിര്‍ണായകമാകും.

ENGLISH SUMMARY:

Loksabha election 2024 small states are critical