ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താൻ കേരളത്തിലെ 20 മണ്ഡലങ്ങളിൽ മാത്രം ചെലവിട്ടത്  352 കോടിയിലധികം രൂപ. അതേസമയം തിരഞ്ഞെടുപ്പു  ചിലവുകൾ  സംബന്ധിച്ച  കണക്ക് പൂര്‍ണമല്ലെന്നും  വിവരാവകാശ നിയമം പ്രകാരം ലഭിച്ച മറുപടിയും വ്യക്തമാകുന്നു.

സംസ്ഥാനത്ത് വയനാട് ലോക്സഭാ മണ്ഡലത്തിലും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചിലവിന്‍റെ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്  മുന്നൂറ്റിഅൻപത്തിരണ്ട് കോടി അറുപത്തിയാറ് ലക്ഷത്തി നാൽപ്പത്തിനാലായിരത്തി ഒരുന്നൂറ്റി എൺപത്തിയൊന്ന് (3526644181) രൂപ ചിലവായെന്നാണ് കണക്ക്. ഇതിൽ 19 കോടി 82 ലക്ഷത്തിലധികം രൂപ കഴിഞ്ഞ സാമ്പത്തിക വർഷം ചിലവായതാണ്. 

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ കണക്കുകൾ പൂർണമായും തീർപ്പാക്കിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ചീഫ് ഇലക്ട്രൽ ഓഫീസിൽ നിന്നും ലഭിച്ച മറുപടിയിൽ പറയുന്നു. കണക്കുകൾ പരിശോധിച്ചാൽ ഒരു ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനായി ശരാശരി പതിനേഴര കോടിയോളം രൂപ ചെലവാകുന്നുണ്ട്. അതുകൊണ്ടുതന്നെ നികുതിപ്പണം ചിലവഴിച്ചുള്ള അനാവശ്യമായ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ രാഷ്ട്രീയകക്ഷികൾ തന്നെ തയ്യാറാകണമെന്നാണ് ആവശ്യമുയരുന്നത്

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ചിലവ് പൂർണമായും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. സംസ്ഥാന സർക്കാർ ആദ്യം ചിലവ് വഹിക്കുകയും, പിന്നീട് കേന്ദ്രസർക്കാർ അത് നൽകുകയുമാണ് ചെയ്യുക. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ചിലവുകൾക്കായി 45 കോടി രൂപ കേന്ദ്രസർക്കാർ താൽക്കാലികമായി അനുവദിച്ചിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.

ENGLISH SUMMARY: