അവസാനഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി അടക്കം 57 സീറ്റുകള്‍ വിധിയെഴുതുന്നു. 11 മണിവരെ 26.30 ശതമാനമാണ് പോളിങ്. വ്യാപക അക്രമം ഉണ്ടായ ബംഗാളിലെ കുൽത്തായിയിൽ ജനക്കൂട്ടം ഇ.വി.എം, വി.വി.പാറ്റ് മെഷീനുകള്‍ കുളത്തിലെറിഞ്ഞു. ക്രമക്കേട് നടത്താനെത്തിയ ആളെ സി.പി.എം സ്ഥാനാര്‍ഥി ഓടിച്ചിട്ടു പിടികൂടി. റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയും മോദി സര്‍ക്കാരിന് വോട്ടിലൂടെ മറുപടി നല്‍കണമെന്ന് രാഹുല്‍ ഗാന്ധിയും എക്സില്‍ കുറിച്ചു. വോട്ടെടുപ്പ് പൂര്‍ത്തിയാവുന്നതോടെ എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവരും.
ഉത്തരേന്ത്യയിലെ ശക്തമായ ഉഷ്ണതരംഗം പോളിങിനെ ബാധിച്ചിട്ടുണ്ട്. 50 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടരുന്ന ഒഡീഷയിലാണ് കുറവ് പോളിങ്. കൂടുതല്‍ ഹിമാചലിലും. പതിവുപോലെ ഏഴാം ഘട്ടത്തിലും ബംഗാളില്‍ സംഘര്‍ഷം തുടരുകയാണ്. സൗത്ത് 24 പർഗാനാസിലെ കുൽത്തായിയിൽ പോളിംഗ് ഏജൻ്റുമാരെ ബൂത്തിനകത്തേക്ക് കടത്തിക്ക് വിടുന്നില്ല എന്ന് ആരോപിച്ച് ജനക്കൂട്ടം ഇ.വി.എം, വി.വി.പാറ്റ് മെഷീനുകൾ വെള്ളത്തിൽ എറിഞ്ഞു. ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് തൃണമൂലും, ടി.എം.സിയാണ് ആക്രമിച്ചതെന്ന് ബി.ജെ.പിയും ആരോപിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പുതിയ മെഷീനുകള്‍ എത്തിച്ച് വോട്ടെടുപ്പ് ആരംഭിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സന്ദേശ്ഖലിയിലും ബാംഗറിലെ സതുലിയയിലും ടി.എം.സി പ്രവര്‍ത്തകരെ ആക്രമിച്ചതായി ബി.ജെ.പി ആരോപിച്ചു. ബാംഗറിലെ ബോംബേറിന്റെ ദൃശ്യങ്ങളും ബിജെപി പുറത്ത് വിട്ടു. ഡയമണ്ട് ഹാര്‍ബറില്‍ ഇ.വി.എമ്മില്‍ ക്രമക്കേട് നടത്താന്‍ ശ്രമിച്ച വ്യക്തിയെ സി.പി.എം സ്ഥാനാര്‍ഥി പിന്തുടര്‍ന്ന് പിടികൂടി. ബൂത്തിലെ സിസിടിവിയിൽ ടേപ്പ് ഒട്ടിച്ചെന്നും ടി.എം.സി അക്രമം അഴിച്ചുവിടുകയാണെന്നും ആരോപിച്ച് ദക്ഷിണ കൊൽക്കൊത്തയിലെ സി.പി.എം സ്ഥാനാർത്ഥി സൈറ ഷാ ഹലീം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
യുപിയിലെ ബലിയില്‍ വോട്ടെടുപ്പിനിടെ ബി.ജെ.പി നോട്ടീസ് നല്‍കി പ്രചാരണം നടത്തി എന്ന പരാതിയുമായി സമാജ്വാദി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തി ജനാധിപത്യത്തെ കൂടുതൽ ഊർജ്ജസ്വലമാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. അഹങ്കാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതീകമായ മോദി സർക്കാരിന് വോട്ടുകൊണ്ട് മറുപടി നൽകണമെന്നും ജൂൺ നാലിന് പുതിയ ഉദയം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരിലും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ ബിലാസ്പൂരിലും വോട്ട് രേഖപ്പെടുത്തി. പട്നയിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തിയ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ഭാര്യ റാബ്രി ദേവിയും ബീഹാറിൽ 40 സീറ്റും ഇന്ത്യ സഖ്യം നേടുമെന്ന് പ്രതികരിച്ചു.