TOPICS COVERED

പാര്‍ലമെന്‍റ് സമുച്ചയത്തില്‍ തലയയുര്‍ത്തി നിന്നിരുന്ന ഗാന്ധി പ്രതിമ മാറ്റി സ്ഥാപിക്കാന്‍ നീക്കം. ഗാന്ധിജിയുടേത് കൂടാതെ അംബേദ്ക്കറിന്‍റെയും ഛത്രപതി ശിവജിയുടെയും ചിത്രങ്ങളും മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. അതേ സമയം നിലവിലുള്ള സുരക്ഷ അംഗങ്ങളെ മാറ്റി സിഐഎസ്എഫിനെ സുരക്ഷാ ചുമതല ഏല്‍പ്പിക്കാനും നീക്കമുണ്ട്.രണ്ട് നീക്കങ്ങള്‍ക്കുമെതിരെ പ്രതിപക്ഷം രംഗത്തുവന്നു.

പാര്‍ലമെന്‍റ് സമുച്ചയത്തിന് പിന്നിലുള്ള ഭാഗത്തേക്കാണ് പ്രതിമകള്‍ മാറ്റുക. പ്രേരണ സ്ഥല്‍ എന്നായിരിക്കും അവിടെ അറിയപ്പെടുകയെന്നും ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. രാജ്യത്തെ വലിയവരായ നേതാക്കന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രതിമകള്‍ പല പല സ്ഥലത്തായാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്, അതുകാരണം സന്ദര്‍ശകര്‍ക്ക് എല്ലാം സൗകര്യപൂര്‍വം കാണാനാകുന്നില്ലെന്നും, അതിനാലാണ് അവ പ്രേരണ സ്ഥലിലേക്ക് മാറ്റിയതെന്നുമാണ് വിശദീരകരണം.

പാര്‍ലമെന്‍റ് കാണാന്‍ എത്തുന്നവര്‍ക്ക് നേതാക്കാന്‍മാരുടെ പ്രതിമകള്‍  എളുപ്പം കണ്ട് അവരുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാന്‍ സാധിക്കുമെന്നും കുറിപ്പില്‍ പറയുന്നു. അമേഠിയില്‍ നിന്നുള്ള പുതിയ എം.പി കെ.എല്‍ ശര്‍മ പ്രതിമ മാറ്റുന്നതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചായായിരുന്നു. ഇത് വളരെ വില കുറഞ്ഞ നടപടിയാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഗാന്ധിജിയുടെയും അംബേദ്ക്കറിന്‍റെയും ഛത്രപതി ശിവജിയുടെയും പ്രതിമകള്‍ പാര്‍ലമെന്‍റിന്‍റെ പ്രധാനപ്പെട്ടയിടങ്ങളില്‍ നിന്നാണ് നീക്കം ചെയ്യപ്പെട്ടതെന്നും ഇത് അപലപനീയമാണെന്നും കോണ്‍ഗ്രസ് സെക്രട്ടറി ജയറാം രമേശ് എക്സില്‍ കുറിച്ചു.

16 അടി ഉയരമുള്ള ഗാന്ധി പ്രതിമ വളരെ ചരിത്ര പ്രാധാന്യമുള്ളതാണ്.പ്രതിപക്ഷ എം.പിമാര്‍ വര്‍ഷങ്ങളായി സമരങ്ങള്‍ക്കും പ്രതിഷേധ പരിപാടികള്‍ക്കും ഇവിടമാണ് തിരഞ്ഞെടുക്കുന്നത്.മഹാരാഷ്ട്ര ബിജെപിക്ക്  വോട്ട് ചെയ്യാത്തതുകൊണ്ടാണ് അംബേദ്ക്കറിനെയും ഛത്രപതി ശിവജിയെയും മാറ്റിയതെന്നും  ഗുജറാത്തില്‍ മികച്ച വിജയം ഇല്ലാത്തതുകൊണ്ടാണ് ഗാന്ധിജിയെ മാറ്റിയതെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിമര്‍ശിച്ചു. 400 സീറ്റും ജയിച്ചിരുന്നെങ്കില്‍ അവര്‍ ഭരണഘടനയെ വെറുതെ വിടുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അതേസമം പ്രതിമകള്‍ മാറ്റിയത് സ്പീക്കറുടെ അനുമതിയോടെയാണെന്നും ലോക്സഭാ  പാര്‍ലമെന്‍റ്  സമുച്ചയം സപീക്കറുടെ അധികാര പരിധിയില്‍ വരുന്നതാണെന്നും ലോക്സഭാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:

Not only the iconic statues of Mahatma Gandhi, Babasaheb Ambedkar and Chhatrapati Shivaji will no longer be found at their designated spots, the parliament security personnel at the complex will be replaced by the Central Industrial Security Forces.