പ്രധാന സ്ഥാനക്കാരെ നിലനിർത്തിയെങ്കിലും രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ നിന്ന് അനുരാഗ് ഠാക്കൂർ, സ്മൃതി ഇറാനി, ആർകെ സിങ് അടമുള്ളവരെ ഒഴിവാക്കിയാണ് മോദി 3.0 അധികാരമേറ്റത്. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എതിരായിട്ടും രണ്ട് നേതാക്കളെ മാത്രമാണ് ബിജെപി മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള എൽ.മുരുകനും പഞ്ചാബി നേതാവ് രൺനീത് സിങ് ബിട്ടുവുമാണ് ഈ നേട്ടക്കാർ. ഇരുവരും ബിജെപിക്ക് സീറ്റൊന്നും ലഭിക്കാത്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നതാണ് മറ്റൊരു കൗതുകം. തോറ്റിട്ടും മന്ത്രിയാകാൻ എന്താകും ഇരുവർക്കും നേട്ടമായത്..?
എൽ.മുരുകൻ
ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ സംപൂജ്യരായെങ്കിലും നീലഗിരിയിൽ തോറ്റ മുൻ സംസ്ഥാന പ്രസിഡൻറ് എൽ.മുരുകൻ ക്യാബിനറ്റ് പദവിയോടെയാണ് കേന്ദ്രമന്ത്രിയാകുന്നത്. അണ്ണാമലൈ മന്ത്രിസഭയിലേക്ക് വരുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും മുരുകൻ മന്ത്രിസ്ഥാനം നിലനിർത്തുകയായിരുന്നു. 2021 മുതൽ രാജ്യസഭാംഗമായിരുന്ന മുരുകന് രണ്ടാം മോദി സർക്കാറിന്റെ പുനസംഘടനാ സമയത്ത് സഹമന്ത്രി സ്ഥാനം ലഭിച്ചിരുന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, ഫിഷറീസ് വകുപ്പകളുടെ സഹമന്ത്രിയായിരുന്നു അദ്ദേഹം.
ഇത്തവണ തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മൽസരിച്ച ബിജെപി ഒറ്റസീറ്റിലും ജയിച്ചില്ല. നീലഗിരിയിൽ ഡിഎംകെയുടെ എ. രാജയോടാണ് എൽ. മുരുകന്റെ തോൽവി. അതേസമയം, ബിജെപിക്ക് തമിഴ്നാട്ടിൽ ചുവടുറപ്പിക്കാൻ നടത്തിയ പരിശ്രമങ്ങളാണ് മുരുകനെ മന്ത്രിസ്ഥാനത്തേക്ക് എത്തിച്ചതെന്നാണ് കരുതേണ്ടത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുരുകൻ നടത്തിയ വെട്രിവേൽ യാത്ര ബിജെപി വോട്ടുകളുടെ ഏകീകരണത്തിൽ പ്രധാനമായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സഖ്യത്തിൽ മൽസരിച്ച ബിജെപി നാല് സീറ്റിൽ ജയിച്ചിരുന്നു. 20 വർഷത്തിന് ശേഷമാണ് പാർട്ടി തമിഴ്നാട് നിയമസഭയിലേക്ക് എത്തുന്നത്.
രവ്നീത് സിങ് ബിട്ടു
ലുധിയാന ലോക്സഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമരീന്ദർ സിങ് രാജയോടാണ് രവ്നീത് സിങ് ബിട്ടു തോറ്റത്. അതേസമയം മോദി 3.0 വിൽ സഹമന്ത്രിയായി ഇന്നലെ ബിട്ടു സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബിൽ ഒറ്റയ്ക്ക് മൽസരിച്ച ബിജെപി സംപൂജ്യരായിരുന്നു. കർഷക സമരത്തിന് ശേഷം ശിരോമണി അകാലിദൾ മുന്നണി വിട്ടതോടെ രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബിജെപി പഞ്ചാബിൽ ഒറ്റയ്ക്ക് മൽസരിക്കുന്നത്.
പഞ്ചാബിൽ ഒറ്റയ്ക്ക് സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്ന നേതാവ് എന്ന പരിഗണനയിലാണ് ബിജെപി ബിട്ടുവിന് മന്ത്രിസ്ഥാനം നൽകിയതെന്നാണ് വിലയിരുത്തൽ. ബിട്ടുവിന്റെ രാഷ്ട്രീയ പ്രധാന്യവും ഇതിൽ കാരണമായി. മുൻ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ബീരന്ത് സിങിന്റെ കൊച്ചുമകനാണ് രവ്നീത് സിങ് ബിട്ടു. കോൺഗ്രസിലായിരുന്ന ബിട്ടു 2009 മുതൽ 2019 വരെ എംപിയായിരുന്നു. 2024 മാർച്ചിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.