ആന്ധ്രപ്രദേശില്‍ ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റു. ചന്ദ്രബാബു നായിഡുവിന്റെ മകന് നാരാ ലോകേഷ് ഉള്‍പ്പെടെ ടിഡിപിക്ക് 21മന്ത്രിമാരാണുള്ളത്. വിജയവാഡയ്ക്കു സമീപമുള്ള കേസരഹള്ളി ഐ.ടി പാര്‍ക്കില്‍ നടന്ന ചടങ്ങിന് പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖരും തെന്നിന്ത്യന്‍ സിനിമാലോകവും സാക്ഷ്യംവഹിച്ചു.
അന്ധ്രയില്‍ ഇനി നായിഡു യുഗം. ചന്ദ്രബാബു നായിഡുവിന് മുഖ്യമന്ത്രി പദത്തില്‍ നാലാം ഊഴം. സത്യപ്രതിജ്ഞയ്ക്കുംശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചന്ദ്രബാബുനായിഡും പരസ്പരം ആശ്ലേഷിച്ചപ്പോള്‍ കേന്ദ്രത്തിലെ സഖ്യസര്‍ക്കാരിന്റെ കെട്ടുറപ്പിന്റെ പ്രാധാന്യമാണ് വ്യക്തമാക്കിയത്.
ജനസേന പാര്‍ട്ടി നേതാവ് പവന് കല്യാണും ചന്ദ്ര ബാബു നായിഡുവിന്റെ മകനും ടിഡിപി ദേശീയ ജനറല്‍ സെക്രട്ടറി നാരാ ലോകേഷും ജെഎസ്പി നേതാവ് എന്‍ മനോഹറും കിഞ്ചരപ്പ് അട്ചന്നായിഡു കൊല്ലു രവീന്ദ്രയും മന്ത്രിസഭയിലുണ്ട്.ജനസേനക്ക് മൂന്നു മന്ത്രിമാരെയും ബിജെപിക്ക് ഒരുമന്ത്രിയെയും ലഭിച്ചു. പരിചയസമ്പന്നരും പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ. 17പേര് പുതുമുഖങ്ങളാണ്.
പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെപി നഡ്ഡ, ചിരാഗ് പസ്വാന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ തുടങ്ങിയ പ്രമുഖര്‍ ചടങ്ങിന് സാക്ഷികളായി. രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍ ,അല്ലു അര്ജുന്, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖരും നായിഡു യുഗാരാംഭത്തിന് സാക്ഷികളായി.