ബി.ജെ.പി – ആര്‍.എസ്.എസ് ബന്ധത്തിലെ വിള്ളലിനിടെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും യോഗി ആദിത്യനാഥും കൂടിക്കാഴ്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയിലുള്‍പ്പെടെ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് ചര്‍ച്ച. അതേസമയം ബി.ജെ.പിയുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ആർഎസ്എസ് തള്ളിക്കളഞ്ഞു.
തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിനുപിന്നാലെ ബി.ജെ.പി ആര്‍.എസ്.എസ് ബന്ധത്തിലെ വിള്ളല്‍ നേതാക്കളുടെ പരസ്യപ്രതികരണങ്ങളായി പ്രകടമായിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവതും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച. ഗോരഖ്‌പൂരിൽവച്ച് ആർഎസ്എസ് ക്യാംപിനിടെ രണ്ടുതവണയായി ഇരുവരും അരമണിക്കൂർ വീതം അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പുഫലത്തിന് പിന്നാലെ ഗോരഖ്പൂരിലേക്കുള്ള ഭാഗവതിൻ്റെ യാത്ര പതിവ് സന്ദർശനമല്ലെന്നും ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നു. ബി.ജെപി ശക്തമായിരുന്ന യു.പിയില്‍ ഇത്തവണയുണ്ടായ തിരിച്ചടി ചര്‍ച്ചചെയ്യുകയുമായിരുന്നു ഉദ്ദേശ്യമെന്നാണ് വിവരം.
2014ല്‍ 71 ഉം 2019ൽ 62 ഉം സീറ്റുകൾ നേടിയ യുപിയില്‍ ഇത്തവണ ബി.ജെ.പിക്ക് 33 സീറ്റുകൾ മാത്രമാണ് നേടാനായത്. നാഗ്പൂരിൽ ബി.ജെ.പിയെ പരോക്ഷമായി വിമര്‍ശിച്ചുള്ള ഭാഗവതിൻ്റെ പ്രസംഗം കഴിഞ്ഞ് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് കൂടിക്കാഴ്ച്ച. നേതൃത്വത്തിന്‍റെ സമീപനത്തിലും പ്രവര്‍ത്തന ശൈലിയിലും ആര്‍.എസ്.എസ് നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് ബി.ജെ,പി തയ്യാറാകുമോയെന്നാണ് ഇനിയറിയേണ്ടത്.